sreeram

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിക്കാനിടയായ വാഹനാപകട കേസിൽ സംസ്ഥാന പൊലീസിനെ വിമ‌ർശിച്ച് ഹൈക്കോടതി. കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ച ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസട്രേട്ട് മൂന്നാം കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

കേസിൽ എന്തുകൊണ്ട് പൊലീസ് നടപടികൾ പൂർത്തിയാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഗവർണർ ഉൾപ്പടെയുള്ളർ സഞ്ചരിക്കുന്ന റോഡിൽ എന്തുകൊണ്ട് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധനകൾ നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്താണ്. അപകടകരമായിട്ടാണ് ശ്രീറാം വണ്ടിയോടിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ശ്രീറാമിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വരുന്ന വെള്ളിയാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, ശ്രീറാമിന്റെ പരിക്ക് പരിഗണിച്ചാണ് രക്തപരിശോധന നടത്താതിരുന്നതെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചു. അപകടത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകണമെന്ന നിർദ്ദേശം പാലിക്കാത ശ്രീറാം പൊലീസ് അറിയാതെ സ്വന്തം നിലയ്ക്ക് കിംസ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കേസിൽ ഇപ്പോൾ ശ്രീറാമിന് ജാമ്യം അനുവദിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ ഹർജിയിൽ പറയുന്നു.

ശ്രീറാം വെങ്കിട്ടരാമന് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് മൂന്നാം കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. അപകടമുണ്ടായപ്പോൾ ശ്രീറാം മദ്യപിച്ചിരുന്നതിന് ഒരു തെളിവും പൊലീസിന്റെ പക്കൽ ഇല്ലെന്നും ഇപ്പോൾ ചികിത്സയാണ് ആവശ്യമെന്നും പ്രതിഭാഗം വാദിച്ചു. മാദ്ധ്യമ വിചാരണയാണ് നടക്കുന്നത്. മരിച്ചത് മാദ്ധ്യമ പ്രവർത്തകൻ ആയതിനാലാണ് മാദ്ധ്യമങ്ങൾ കോലാഹലം ഉണ്ടാക്കുന്നത്. ഇത് സ്വാഭാവികമായ ഒരു അപകടമരണമായതിനാൽ പ്രതി ജാമ്യത്തിന് അർഹനാണെന്ന് പ്രതിഭാഗം വാദിച്ചു.