ന്യൂഡൽഹി: ഇന്നലെ അന്തരിച്ച മുൻ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമസ്വരാജിന് ആദരാഞ്ജലിഅർപ്പിച്ച് സമൂഹമാദ്ധ്യമങ്ങിൽ പതിനായിരങ്ങൾ കുറിപ്പെഴുതുകയാണ്. ഒന്നാം മോദി മന്ത്രിസഭയിൽ വിദേശ കാര്യ മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമാണ് സുഷമ നടത്തിയത്. ബി.ജെ.പിയുടെ ആശയങ്ങളിൽ ആകൃഷ്ടരാവാത്തവർക്കും നഖശിഖാന്തം എതിർത്തവരും സുഷമസ്വരാജിന്റെ നടപടികളെ പ്രകീർത്തിക്കാൻ ഒരു മടിയും കാട്ടിയിട്ടില്ല. ലോകമെമ്പാടും നിരവധിയിടങ്ങളിൽ യുദ്ധസമാനമായ സംഘർഷമുണ്ടാവുമ്പോൾ നാട്ടിലേക്ക് മടങ്ങാനാവാതെ പെട്ടുപോയ പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് സഹായഹസ്തം നീട്ടുവാൻ അവർക്കായിരുന്നു. സാധാരണക്കാരുമായി സംവദിക്കുവാനും അവരുടെ പ്രശ്നം പരിഹരിക്കുവാനും സുഷമ സ്വരാജ് ഉപയോഗിച്ചിരുന്നത് സാമൂഹിക മാദ്ധ്യമമായ ട്വിറ്ററായിരുന്നു.
വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ ഉദ്യോഗസ്ഥർ അവിടെയുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ അനുഭാവ പൂർവ്വം ഇടപെടുന്നില്ലെന്ന പരാതി മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ഉണ്ടായിരുന്നു. എന്നാൽ സുഷമ സ്വരാജ് ട്വിറ്ററിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയതോടെ ഏതു സമയത്തും രക്ഷയ്ക്കായി ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉണ്ടെന്ന തോന്നൽ പ്രവാസികൾക്ക് പകർന്ന ധൈര്യം വളരെ വലുതാണ്. ശത്രുരാജ്യമായ പാകിസ്ഥാനിൽ നിന്നു പോലും ചികിത്സ കാര്യങ്ങൾക്കായി ഇന്ത്യയിലെത്തുന്നവർക്ക് വിസ പ്രശ്നങ്ങളിലെ നൂലാമാലകൾ പരിഹരിക്കുവാൻ പാകിസ്ഥാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് സുഷമ സ്വരാജ് നിർദ്ദേശം നൽകിയിരുന്നു. അതേ സമയം യു.എൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ നടത്തിയ പ്രസംഗങ്ങളിൽ പാകിസ്ഥാൻ സുഷമയുടെ നാവിന്റെ ചൂട് ശരിക്കും അറിയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വിറ്ററിലെ ഇടപെടലുകളിൽ അതിശയം പൂണ്ട് ഒരിക്കൽ ചോദ്യം ചോദിച്ചയാൾക്ക് ട്വിറ്ററിലൂടെ സുഷമ നൽകിയ മറുപടി ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി രക്ഷിക്കാനെത്തും എന്നതായിരുന്നു. അപ്രതീക്ഷിതമായി പ്രിയ നേതാവിന്റെ വിയോഗത്തിൽ ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുന്ന കുറിപ്പ് ഇതാണ് സ്വർഗത്തിൽ നിന്നും സുഷമ സ്വരാജിനെ കൂട്ടിക്കൊണ്ടുവരാൻ ഇന്ത്യൻ എംബസിക്കാവുമോ ?