കണ്ണൂർ: മദ്യലഹരിയിൽ നടുറോഡിൽ യുവാവ് ആഭാസനൃത്തം കളിച്ചപ്പോൾ ദുരിതമനുഭവിക്കേണ്ടി വന്നത് ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്ക്. അടിച്ചുപൂസായി റോഡിന് നടുവിൽ ഡാൻസ് കളിച്ച യുവാവിന്റെ കയ്യിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് വീണ ദമ്പതികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കണ്ണൂർ പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന്റെ പടിഞ്ഞാറ് ഭാഗം റെയിൽവേ സ്‌റ്റേഷൻ റോഡിലാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തിരക്കേറിയ റോഡിന്റെ ഒത്തനടുക്ക് നിന്ന് മദ്യലഹരിയിൽ യുവാവ് പുറകിലോട്ട് ഡാൻസ് കളിച്ച് പോകുന്നതാണ് വീഡിയോയിലുള്ളത്. പ്രശസ്ത ഗായകൻ മൈക്കൽ ജാക്‌സന്റെ മൂൺ വാക്കിംഗിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രകടനം. പുറകിലോട്ട് ഡാൻസ് കളിക്കുന്ന യുവാവിന്റെ പുറത്ത് തട്ടാതെ നിരവധി ബൈക്കുകളും വാഹനങ്ങളും പോകുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇതിനിടയിൽ യുവാവ് റോഡിന്റെ നടുവിലേക്ക് നീങ്ങുമ്പോൾ പുറകിൽ കൂടി ബൈക്കിൽ രണ്ട് പേരും സ്വകാര്യ ബസും വന്നു. ഇയാളെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ഓവർടേക്ക് ചെയ്‌ത് വന്ന ബസിലിടിച്ച് ദമ്പതികൾ ബസിനടിയിലേക്ക് വീണു. എന്നാൽ അത്ഭുതകരമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു. തറയിൽ വീണ ഇരുവരെയും രക്ഷിക്കാനായി ബസിലെ യാത്രക്കാർ ചാടിയിറങ്ങുമ്പോഴും മദ്യപാനായ യുവാവ് കൂസലില്ലാതെ നിൽക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ കെ.ബാബു, ഭാര്യ സിന്ധു എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.