cm-pinarayi-vijayan

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ‌ഞ്ഞു. കേസന്വേഷണത്തിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്നും അത്തരത്തിലുള്ള ശ്രമം ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ പരിഗണയിലാണെന്നും മാദ്ധ്യമപ്രവർത്തകർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അമിതമായ അളവിൽ ലഹരി ഉപയോഗിച്ചാണ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആ സമയത്ത് വണ്ടി ഓടിക്കാനിടയായ സാഹചര്യം മുതൽ ഒട്ടെറെ കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതിൽ അടക്കം പൊലീസിന് ഉണ്ടായ വീഴ്ചകൾ പ്രത്യേകം പരിശോധിക്കും. നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിർദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം,​ ഭൂരഹിതർക്കുള്ള പട്ടയ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. ഇടുക്കിയിലെ ഭൂമി പ്രശ്നം മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തവും സങ്കീർണവുമാണെന്നും ഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള വരുമാന പരിധി ഉയർത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയുടെ വികസനത്തിന് ഉതകുന്ന വികസന സംവിധാനം ഉണ്ടാക്കിയെടുക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു. ഭൂരഹിതർക്കുള്ള പട്ടയ വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും 1,​06,​450 പേർക്ക് ഇതുവരെ പട്ടയം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനധികൃതഭൂമി കയ്യേറ്റം ഒഴിവിച്ച് സർക്കാർ ഭൂമി സ്വതന്ത്രമാക്കും. പട്ടയം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടികൾ ലഘൂകരിച്ചതായും അദ്ദേഹം പറഞ്ഞു.