crime

തിരുവനന്തപുരം : സുഹൃത്തായ പെൺകുട്ടിയോടൊപ്പം അർദ്ധരാത്രി തലസ്ഥാനത്തെ വിഐപി പാതയിൽ വച്ച് മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ വഴിവിട്ടരീതിയിൽ കേരള പൊലീസ് സഹായിച്ചു എന്ന ആരോപണം ശക്തമാണ്. മദ്യപിച്ച് ആടിയുലയുന്ന അവസ്ഥയിലാണ് ശ്രീറാമിനെ അപകട സ്ഥലത്ത് കണ്ടതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയെങ്കിലും രക്തപരിശോധന നടത്താതെ ഐ.എ.സ് ഉദ്യോഗസ്ഥന് കിംസ് ആശുപത്രിയിൽ ചികിത്സതേടുന്നതിന് പൊലീസ് മൗനാനുവാദം നൽകുകയായിരുന്നു. എന്നാൽ ഹൈക്കോടതിൽ കേസ് പരിഗണിക്കവേ പൊലീസിനെ വെട്ടിച്ച് കിംസ് ആശുപത്രിയിൽ ചികിത്സയ്ക്കായി ശ്രീറാം പോയി എന്ന വാദമാണ് സർക്കാർ ഉയർത്തിയത്. ശ്രീറാമിനെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് വിട്ടയച്ച പൊലീസ് മാദ്ധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഒൻപത് മണിക്കൂറിന് ശേഷം രക്ത സാമ്പിളെടുക്കാൻ തയ്യാറായത്. എന്നാൽ സാമ്പിൾ പരിശോധനയിൽ ശ്രീറാം മദ്ധ്യപിച്ചിട്ടില്ലെന്ന ഫലമാണ് ലഭിച്ചത്.

തലസ്ഥാനത്ത് ഭരണസിരാകേന്ദ്രങ്ങളുടെ മൂക്കിന് മുന്നിൽ ശ്രീറാമിനായി വഴിവിട്ടരീതിയിൽ ചട്ടങ്ങൾ വളച്ചൊടിച്ച പൊലീസിന് കൊല്ലം ജില്ലയിലെ കുണ്ടറയിലെ കുഞ്ഞുമോനെ അറിയുമോ എന്ന ചോദ്യം സോഷ്യൽമീഡിയയിൽ ഉയരുന്നു. മദ്യപിച്ച് സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനെ തുടർന്നാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് പൊലീസ് കുഞ്ഞുമോനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ പിഴതുകയായ 3000 രൂപയുമായി കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മ സ്‌റ്റേഷനിലെത്തി ഏൽപ്പിച്ചു. പക്ഷേ പൊലീസ് കുഞ്ഞുമോനെ ഉടൻ വിട്ടയച്ചില്ല, പിന്നീട് രാത്രിയോടെ അമ്മയെ കുഞ്ഞുമോന് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവേ കുഞ്ഞുമോൻ മരണപ്പെടുകയായിരുന്നു. തലയ്‌ക്കേറ്റ അടിയാണ് കുഞ്ഞ്‌മോന്റെ മരണകാരണമെന്നായിരുന്നു പിന്നീട് മൃതദേഹം പരിശോധിച്ച മെഡിക്കൽ കോളെജിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിൽ കുഞ്ഞുമോനെ മർദ്ദിച്ച ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. ശ്രീറാം വെങ്കിട്ടരാമന് രക്ഷപ്പെടുവാൻ പഴുതൊരുക്കിയ പൊലീസ് തൊട്ടടുത്ത ജില്ലയിൽ സാധാരണക്കാരന്റെ ജീവനെടുത്ത സംഭവം വീണ്ടും ചർച്ചയാവുകയാണിപ്പോൾ.