pralayam

ഉപ്പുതോട് സെന്റ് ജോസഫ് പള്ളിസെമിത്തേരിയിലെ മേരി രാജമ്മ എന്നെഴുതിയ കല്ലറയ്‌ക്കുള്ളിൽ അടക്കിയിരിക്കുന്നത് ഒരു കാല് മാത്രമാണ് ! ഉരുൾപൊട്ടൽ വിട്ടുകൊടുത്തത് അതു മാത്രമായിരുന്നു. ഇന്നും ഒരു ചെറുമഴ പെയ്യുമ്പോൾ ഉപ്പുതോട് നിവാസികൾ പേടിയ്‌ക്കുന്നത് കഴിഞ്ഞ ആഗസ്റ്റ് 17ലെ ദുരന്തക്കാഴ്ചകൾ ഓ‌ർമ്മയിൽ തെളിയുന്നതുകൊണ്ടാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പ്രദേശത്തെ മുഴുവൻ ആളുകളും സമീപത്തെ എസ്.എൻ.ഡി.പി ഹാളിലും പള്ളിവക പാരിഷ് ഹാളിലുമാണ് അഭയം തേടിയത്. ഒരിടത്തും വൈദ്യുതിയില്ല. 17ന് രാത്രി കഞ്ഞികുടി കഴിഞ്ഞാണ് മാത്യുവിന്റെയും ടോമിയുടെയും കുടുംബങ്ങൾ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയത്. മാത്യുവിനൊപ്പം ഭാര്യ രാജമ്മ,​ മകൻ വിശാൽ , വിശാലിന്റെ സുഹൃത്ത് ടിന്റ് എന്നിവരാണുണ്ടായിരുന്നത്. ടോമിയുടെ അഞ്ചംഗ കുടുംബവും ഇവർക്കൊപ്പം തിരിച്ചു. ഇരുകൂട്ടരും വീടുകളിലെത്തി. ബാക്കി ടോമി പറയും : "ഞാൻ വീട്ടിൽ കയറിയതും മാത്യുവിന്റെ വീടിന്റെ ഭാഗത്ത് വലിയൊരു ഒച്ചകേട്ടു. ഞാനോടിയെത്തുമ്പോൾ അവിടമാകെ ചെളി. കാര്യം മനസിലായപ്പോൾ താഴേക്കോടി വിവരമറിയിച്ചു. പള്ളിയിൽ കൂട്ടമണിയടിച്ചു. . അപ്പോഴേക്കും വീണ്ടും ഉരുൾപൊട്ടി , ചുറ്റും നിലവിളികൾ മാത്രം. അതിപ്പോഴും കാതിൽ തന്നെയുണ്ട് "- ടോമി പറഞ്ഞു.

അന്ന് പകൽ മാത്യുവിന്റെ അയൽവാസിയായ അപ്പച്ചനോട് വീട് മാറുന്നതാണ് നല്ലതെന്ന് കപ്യാർ സോജൻ പറഞ്ഞിരുന്നു. രണ്ട് പെൺമക്കളടങ്ങുന്ന അപ്പച്ചന്റെ കുടുംബം വീട്ടിൽ നിന്നിറങ്ങി കഷ്‌ടിച്ച് രണ്ട് മിനിട്ട് കഴിഞ്ഞപ്പോഴേക്കും ഉരുൾപൊട്ടി .

മറ്റ് മൂന്നുപേരുടേയും മൃതശരീരങ്ങൾ കിട്ടിയെങ്കിലും രാജമ്മയുടെ കാലു മാത്രമെ ലഭിച്ചുള്ളൂ. മാത്യു-രാജമ്മ ദമ്പതികളുടെ മകൾ കൊൽക്കത്തയിൽ നഴ്സായി ജോലി നോക്കിയിരുന്ന വിദ്യ മാത്രമാണ് കുടുംബത്തിൽ ബാക്കിയായത്.വിദ്യയുടെ സംരക്ഷണച്ചുമതല പള്ളി ഏറ്രെടുത്തു,

ഉരുൾപൊട്ടലുകൾ 277

പ്രളയകാലത്ത് ഇടുക്കിയുടെ നെഞ്ച് പിളർന്ന് ചെറുതും വലുതുമായി 277 ഉരുൾപൊട്ടലുകളാണുണ്ടായത്. പ്രളയം ജില്ലയിൽ 57 പേരുടെ ജീവനെടുത്തു . 47 പേരും മരിച്ചത് ഉരുൾപൊട്ടലിൽ. ഉപ്പുതോടു മാത്രമല്ല രാജപുരത്തും എസ്. വളവിലും ഉരുൾപൊട്ടലിൽ പെട്ടവരെ ഇനിയും കണ്ടെത്താനുണ്ട് . 1200 വീടുകൾ തകർന്നു.ഇടുക്കി ജില്ലയ്‌ക്കായി 5000 കോടിയുടെ വികസനപാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു പദ്ധതിയും തുടങ്ങിയിട്ടില്ല.

പതിനായിരം പോലും കിട്ടിയില്ല

പാണ്ടനാട് വെസ്റ്റ് പന്ത്രണ്ടാംവാർഡിലെ മണിയമ്മ (46) കഴിയുന്നത് എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ചൊരു കൂടാരത്തിലാണ്. തൊട്ടടുത്തുണ്ടായിരുന്ന വീട് പ്രളയത്തിൽ തകർന്നു. മൂന്നു മക്കൾ. മൂത്തമകൻ അജിത് (22) അടുത്ത വീട്ടിലാണ് കിടക്കുന്നത്.രണ്ടാമത്തെ മകൻ അമലും (20) എട്ടാം ക്ളാസുകാരി അനീഷ്യയും (13) മണിയമ്മയ്‌ക്കൊം കൂടാരത്തിലാണ്. വീടിനു അപേക്ഷ നൽകിയെങ്കിലും സ്ഥലമില്ലെന്ന കാരണത്താൽ നിരസിച്ചു. ലൈഫ് പദ്ധതിയും തുണയ്ക്കെത്തിയില്ല. മിക്കവർക്കും ലഭിച്ച പതിനായിരം രൂപയുടെ സഹായം പോലും കിട്ടിയില്ലെന്ന് മണിയമ്മ പറയുന്നു.

വീടിന് ആകെ നാലുലക്ഷം

വീട് പൂർണമായി തകർന്നവർക്ക് വീട് നിർമ്മിക്കാൻ ലഭിക്കുന്നത് നാലുലക്ഷം രൂപയാണ്. 500 സ്‌ക്വയർ ഫീറ്റിന്റെ വീടു നിർമ്മിക്കണമെങ്കിൽ പോലും വേണം ഏഴരലക്ഷം രൂപ. സർക്കാർ സഹായം കിട്ടിയാലും കടക്കാരായി മാറുകയാണ് ഈ പാവങ്ങൾ. കിണറുകൾ കേരള ഫ്ളഡ് റെസ്പോൺസ് ടീം വൃത്തിയാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളം വായിൽവയ്‌ക്കാൻ കൊള്ളില്ലെന്നു മാത്രം!