കൊച്ചി: റിസർവ് ബാങ്ക് തുടർച്ചയായ നാലാം തവണയും മുഖ്യ പലിശനിരക്കുകൾ കുറച്ചു. ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശഭാരം കുറയാനും വിപണിയിൽ പണലഭ്യത ഉയരാനും ഗുണകരമാകുന്ന നീക്കമാണിത്.
റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോ 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതി (എം.പി.സി) ഐകകണ്ഠേനയാണ് ഇന്നലെ പലിശകുറയ്ക്കാൻ തീരുമാനിച്ചത്.
അതേസമയം, നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ റിസർവ് ബാങ്ക് 6.9 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. നേരത്തേ 7 ശതമാനം വളരുമെന്നായിരുന്നു വിലയിരുത്തൽ.