ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണവിഭവമാണ് ഏത്തപ്പഴം. വൈറ്റമിനുകളും ഫൈബറും മിനറലും പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിൽ .
വ്യായാമത്തിനും കായികാദ്ധ്വാനമുള്ള ജോലി തുടങ്ങുന്നതിനും മുൻപ് ഒന്നോ രണ്ടോ ഏത്തപ്പഴം കഴിക്കുക. ഇത് ശരീരത്ത് വേണ്ടത്ര ഊർജ്ജം നൽകും. വിഷാദരോഗത്തെ അകറ്റി മാനസികാരോഗ്യം പകരും. ഏത്തപ്പഴത്തിൽ ഉയർന്ന അളവിലുള്ള ട്രിപ്റ്റോഫനെ ശരീരം സെറോടോണിൻ ആക്കി മാറ്റുന്നു. ഇത് തലച്ചോറിലെ നാഡീവ്യൂഹത്തെ ആയാസരഹിതമാക്കുന്നു. ഇങ്ങനെ സമ്മർദ്ദമകന്ന് മനസ്സിനു സന്തോഷം ലഭിക്കും. രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം, സ്ട്രോക് എന്നിവയും അകലും.
ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കും. പൊട്ടാസ്യം തലച്ചോറിലേക്ക് ഓക്സിജനെത്തിക്കുന്നതിന് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കുന്നു. ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള നാരുകൾ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ തോത് ഉയർത്തുകയും ചെയ്യും.