pic

കൊച്ചി: ആഭരണ പ്രിയരെ നക്ഷത്രമെണ്ണിച്ച് സംസ്ഥാനത്ത് സ്വർണവില മാനംമുട്ടുന്ന ഉയരത്തിലെത്തി. പവൻ വില ഇന്നലെ ചരിത്രത്തിൽ ആദ്യമായി 27,000 രൂപ കടന്നു. 400 രൂപ വർദ്ധിച്ച് 27,200 രൂപയായിരുന്നു ഇന്നലെ വില. ഗ്രാമിന് 50 രൂപ ഉയർന്ന് വില 3,400 രൂപയായി.

അന്താരാഷ്‌ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുതിക്കുന്നത്. ഔൺസിന് കഴിഞ്ഞവാരം 1,450 ഡോളറിൽ താഴെയായിരുന്ന അന്താരാഷ്‌ട്ര വില ഇന്നലെ ആറുവർഷത്തെ ഉയരമായ 1,500 ഡോളറിലേക്കെത്തി.നിക്ഷേപകർ ഓഹരികളിൽ നിന്ന് പണം പിൻവലിച്ച്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ഒഴുക്കുകയാണ്. രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടിയതും സ്വർണ വിലക്കുതിപ്പിന് കാരണമാകുന്നു.

വിലക്കുതിപ്പിന്

പിന്നിൽ

 അമേരിക്ക-ചൈന വ്യാപാരയുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ എന്നിവ മൂലം ഓഹരി വിപണികൾ നേരിടുന്ന തളർച്ച

 അന്താരാഷ്‌ട്ര വിലയുടെ മുന്നേറ്റം

 രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവിലുണ്ടായ വർദ്ധന

₹27,200

പവൻ വില ഇന്നലെ 400 രൂപ വർദ്ധിച്ച് 27,200 രൂപ. ഗ്രാമിന് 50 രൂപ ഉയർന്ന് വില 3,400 രൂപ.

₹3,760

പവൻ വില 2019ൽ ഇതുവരെ കൂടിയത് 3,760 രൂപ. ഗ്രാമിന് 470 രൂപയും കൂടി

₹1,520

ഈമാസം ഇതുവരെ പവൻ വിലയിലുണ്ടായ വർദ്ധന 1,520 രൂപ. ഗ്രാമിന് കൂടിയത് 190 രൂപ.


'വില കൂടിയതിനാൽ ഉപഭോക്താക്കൾ സ്വർണവിപണിയിൽ നിന്ന് അകലം പാലിക്കുകയാണ്. പ്രതിദിന വില്പനയിൽ 50-60 ശതമാനം വരെ കുറവുണ്ട്

-സ്വർണ വ്യാപാരികൾ