sushama

തിരുവനന്തപുരം: സുഷമാസ്വരാജ് നടത്തിയ ഓപ്പറേഷനാണ് ഇറാക്കിലെ തിക്രിതിൽ ഐസിസ് ഭീകരർ ബന്ദികളാക്കിയ 46 നഴ്സുമാരെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഡൽഹിയിലെത്തി സുഷമാ സ്വരാജിന്റെ സഹായംതേടി. ഡൽഹിയിൽ 'വാർ റൂം' തുറന്നു. ''സുഷമ സ്വരാജിന്റെ ഉറച്ച പിന്തുണയാണ് അന്ന് ആ ദൗത്യം വിജയത്തിലെത്തിച്ചത്. ഭീകരർക്ക് മോചനദ്രവ്യം നൽകിയിട്ടോ, ഭീകരരുമായി മലയാളി വ്യവസായി വിലപേശിയിട്ടോ അല്ല നഴ്സുമാരെ മോചിപ്പിച്ചത്.''- ഉമ്മൻചാണ്ടി പറഞ്ഞു.

ഐസിസ് ഭീകരരുമായി ചർച്ചയ്‌ക്ക് സുഷമ നിർദ്ദേശിച്ചു. എന്നാൽ എംബസി പൂർണതോതിൽ പ്രവർത്തിക്കാത്തപ്പോൾ ചർച്ചയും അനുനയവും ശ്രമകരമായിരുന്നു. എന്നിട്ടും മൂന്നുദിവസം കൊണ്ട് സുഷമ അത് സാധിച്ചെടുത്തു.

ആ ഓപ്പറേഷൻ ഉമ്മൻ ചാണ്ടി ഓർക്കുന്നു: നാലു ദിവസമാണ് ഭീകരരുമായി ചർച്ച നടത്തിയത്. ദൈവാനുഗ്രഹവും മഹാഭാഗ്യവും ഒപ്പമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം സുഷമയൊരുക്കിയ വാർ റൂമിൽ നിന്നായിരുന്നു എല്ലാ നീക്കവും. നഴ്സുമാരുമായി ഫോണിൽ സംസാരിക്കുമ്പോഴെല്ലാം വെടിപൊട്ടുന്ന ശബ്ദവും കൂട്ടക്കരച്ചിലും കേട്ടു. ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ഉടൻ പുറത്തിറങ്ങിയില്ലെങ്കിൽ ബോംബിട്ട് തകർക്കുമെന്ന് ഭീകരരുടെ അന്ത്യശാസനം. എന്തുചെയ്യണം സർ..? അവർ ചോദിച്ചുകൊണ്ടിരുന്നു.

ഇറങ്ങിയേ പറ്റൂ. സുഷമ സ്വരാജ് ധൈര്യം പകർന്നു. താൻ യെസ് പറഞ്ഞു. അതുകേട്ട് നഴ്സുമാർ പുറത്തിറങ്ങി. 50 മിനിറ്റിനകം ഭീകരർ കെട്ടിടം ബോംബിട്ടു തകർത്തു. വിമാനത്താവളത്തിലേക്ക് കൊണ്ടു പോകുന്നുവെന്നാണ് ഭീകരർ പറഞ്ഞത്. നഴ്സുമാർ ഗൂഗിൾ മാപ്പിൽ വഴി കാട്ടിക്കൊണ്ടിരുന്നു. ദൃക്‌സാക്ഷി വിവരണം പോലെ നഴ്‌സുമാർ ഓരോന്നും അറിയിച്ചു. അതോടെ ദിശ ശരിയാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കി. പിന്നീട് രണ്ടു മണിക്കൂർ ഫോൺബന്ധം നിലച്ചു. സിഗ്നൽ ഇല്ലാത്ത സ്ഥലമായിരുന്നു. വിമാനത്താവളത്തിനടുത്ത് എത്താറായപ്പോൾ ബസ് വേറെ ദിശയിലായി. എല്ലാവരുടെയും ശ്വാസം നിന്നുപോയി. ഒരുമണിക്കൂർ ഒരു വിവരവുമില്ല.

ചെക്ക് പോസ്റ്റിൽ ഇന്ത്യൻ എംബസിയുടെ വാഹനം കാത്ത് നഴ്സുമാരുടെ ബസ് സുരക്ഷിത താവളത്തിലേക്ക് മാറ്റുകയായിരുന്നു. ‌

നഴ്സുമാർക്കായി പ്രത്യേക വിമാനം ഏർപ്പാടാക്കിയതും സുഷമ സ്വരാജായിരുന്നു. വിമാനം ഇറാക്കിൽ എത്തിയപ്പോഴാണ് അടുത്ത പ്രശ്‌നം. ലാൻഡ് ചെയ്യാൻ അനുമതി ലഭിച്ചില്ല. സമയം പുലർച്ചെ ഒന്നര. അപ്പോൾത്തന്നെ സുഷമ സ്വരാജിനെ ഫോണിൽ വിളിച്ചു. അവരാണ് ഫോണെടുത്തത്. 15 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു. ഇറാഖിലെ എംബസിയിലെ ഉന്നതനെ വിളിച്ച് ക്ലിയറൻസ് നേടിയെടുത്തു. പിന്നാലെ എർബിൽ വിമാനത്താവളത്തിൽ നിന്ന് നഴ്സുമാരുമായി വിമാനം നെടുമ്പാശേരിക്കു പറന്നു.