rbi

കൊച്ചി: തുടർച്ചയായ നാലാം തവണയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതി (എം.പി.സി) റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതിന് മുമ്പ്, ഇത്രയധികം തവണ റിപ്പോ കുറച്ചത് സാമ്പത്തിമാന്ദ്യം ആഗോളതലത്തിൽ വീശിയടിച്ച 2008-09 കാലത്താണ്. നിലവിൽ ഇന്ത്യ നേരിടുന്ന സമ്പദ്‌ഞെരുക്കം ആശങ്കപ്പെടേണ്ടത് തന്നെയാണ് എന്ന് ഉറപ്പിക്കുകയാണ് നാലാംവട്ടവും പലിശ കുറച്ചതിലൂടെ എം.പി.സി വ്യക്തമാക്കുന്നത്.

2018-19 ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച അഞ്ചുവർഷത്തെ താഴ്‌ചയയായ 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. നടപ്പുവർഷത്തെ (2019-20) ആദ്യപാദത്തിലും (ഏപ്രിൽ-ജൂൺ) ജൂലായിലും വാഹന വില്‌പന വൻ തിരിച്ചടി നേരിട്ടു. മുഖ്യവ്യവസായ മേഖലയുടെ വളർച്ച ജൂണിൽ 50 മാസത്തെ താഴ്‌ചയായ 0.2 ശതമാനത്തിലേക്ക് ഇടിഞ്ഞു. കയറ്റുമതി മേഖലയും ഏറെക്കാലമായി തളർച്ചയിലാണ്. ഇക്കാരണങ്ങൾ മുൻനിറുത്തിയാണ് ഇന്നലെ റിപ്പോനിരക്ക് കുറയ്‌ക്കാൻ എം.പി.സി തീരുമാനിച്ചത്.

മുഖ്യപലിശ നിരക്ക് നിർണയത്തിന്റെ പ്രധാന മാനദണ്ഡമായ റീട്ടെയിൽ നാണയപ്പെരുപ്പം ജൂണിൽ 3.18 ശതമാനം മാത്രമായിരുന്നു എന്നതും ആഗോള സാമ്പത്തിക മാന്ദ്യകാലത്തിന് ശേഷം ആദ്യമായി അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതും റിപ്പോ നിരക്കിൽ ഇളവ് അനുവദിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചു. റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.

മൺസൂൺ, ആദ്യഘട്ടത്തിൽ ശക്തിപ്രാപിച്ചില്ലെങ്കിലും പിന്നീട് നിലമെച്ചപ്പെടുത്തിയത് ഗ്രാമീണ-കാർഷിക മേഖലയ്ക്ക് നേട്ടമാകും. ഇത്, ഉപഭോക്തൃ വിപണിക്ക് കരുത്തേകും. ഈ സാഹചര്യത്തിൽ വായ്‌പാ പലിശഭാരം കുറയുന്നത് വിപണിയിൽ പണമൊഴുക്ക് കൂട്ടുമെന്ന വിലയിരുത്തലും റിപ്പോ കുറയ്ക്കാൻ എം.പി.സി അംഗങ്ങളെ പ്രേരിപ്പിച്ചു.

പുതിയ

നിരക്കുകൾ

റിപ്പോനിരക്ക് : 5.40%

റിവേഴ്‌സ് റിപ്പോ : 5.15%

സി.ആർ.ആർ : 4.00%

എസ്.എൽ.ആർ : 18.75%

എം.എസ്.എഫ് : 5.65%

എം.പി.സി ഒറ്റക്കെട്ട്

റിപ്പോനിരക്ക് കുറയ്ക്കാൻ എം.പി.സിയിലെ ആറുപേരും ഇന്നലെ ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മൈക്കൽ പാത്ര, ഡെപ്യൂട്ടി ഗവർണർ ബിഭു പ്രസാദ് കാനുംഗോ, സ്വതന്ത്ര അംഗം ഡോ. രവീന്ദ്ര ധൊലാക്കിയ എന്നിവരാണ് 0.35 ശതമാനം ഇളവിന് വോട്ടു ചെയ്‌തത്. സ്വതന്ത്ര അംഗങ്ങളായ ഡോ. പാമിദുവ, ഛേതൻ ഖാട്ടെ എന്നിവർ 0.25 ശതമാനം ഇളവിന് വോട്ട് ചെയ്‌തു.

ഇന്ത്യ തളരും

പലിശഭാരം കുറച്ചെങ്കിലും നടപ്പുവർഷം ജി.ഡി.പി വളർച്ച കുറയുമെന്ന റിസർവ് ബാങ്കിന്റെ വിലയിരുത്തൽ ആശങ്കപ്പെടുത്തുന്നതാണ്. 6.9 ശതമാനമാണ് 2019-20ൽ പ്രതീക്ഷിക്കുന്ന വളർച്ച. ഏഴ് ശതമാനം വളരുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ.

നാണയപ്പെരുപ്പം

ആശ്വാസതലത്തിൽ

നടപ്പുവർഷം ജൂലായ്-സെപ്‌തംബറിൽ റീട്ടെയിൽ നാണയപ്പെരുപ്പം 3.1 ശതമാനവും ഒക്‌ടോബർ-മാർച്ചിൽ 3.5-3.7 ശതമാനവും ആയിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഇത്, പലിശഭാരം ഇനിയും കുറയാൻ അനുകൂല ഘടകമാണ്.

'നെഫ്‌റ്റ്" ഇനി

24 മണിക്കൂറും

ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്കിലെ പണം ഇലക്‌ട്രോണിക്കായി കൈമാറാവുന്ന നാഷണൽ ഇലക്‌ട്രോണിക്‌സ് ഫണ്ട്‌സ് ട്രാൻസഫറിന്റെ (നെഫ്‌റ്റ്) 24 മണിക്കൂറും ആക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിൽ പ്രവൃത്തിദിനങ്ങളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുവരെയാണ് സമയം.

20%

എൻ.ബി.എഫ്.സികളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ, ബാങ്കുകളിൽ നിന്ന് നേടുന്ന ടിയർ-1 വായ്‌പകളുടെ അനുപാതം നിലവിലെ 15 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്ക് റിസർവ് ബാങ്ക് ഉയർത്തി.

0.29%

ഇതിനു മുമ്പ് മൂന്നു യോഗങ്ങളായി റിപ്പോനിരക്ക് 0.75 ശതമാനം റിസർവ് ബാങ്ക് കുറച്ചിരുന്നു. എന്നാൽ, 0.29 ശതമാനം ഇളവ് മാത്രമാണ് ഉപഭോക്താക്കൾക്ക് വാണിജ്യ ബാങ്കുകൾ കൈമാറിയത്.

ഇ.എം.ഐയിൽ നേട്ടം

റിപ്പോനിരക്ക് കുറച്ച നടപടി ഭവന, വാഹന, വ്യക്തിഗത വായ്പകളുള്ളവർക്ക് ആശ്വാസമേകും. ഉദാഹരണം നോക്കാം

(ഭവന വായ്‌പ)

വായ്‌പാത്തുക : ₹30 ലക്ഷം

കാലാവധി : 20 വർഷം

പലിശനിരക്ക് : 8.25%

ഇ.എം.ഐ : ₹25,562

ആകെ പലിശബാദ്ധ്യത : ₹31,34,873

മൊത്തം തിരിച്ചടവ് : ₹61,34,873

പുതിയ പലിശ : 7.90%

പുതിയ ഇ.എം.ഐ : ₹24,907

നേട്ടം : ₹655

പുതിയ പലിശബാദ്ധ്യത : ₹29,77,636

നേട്ടം : ₹1,57,237

മൊത്തം തിരിച്ചടവ് : ₹59,77,636

''നിലവിലെ സാമ്പത്തിക ഞെരുക്കം താത്കാലികമാണ്. പണലഭ്യത കൂട്ടാനാണ് പലിശനിരക്ക് കുറച്ചത്. വളർച്ച ഉയർത്താൻ കേന്ദ്രസർക്കാരും ഫലപ്രദ നടപടികൾ എടുക്കുമെന്നാണ് പ്രതീക്ഷ""

ശക്തികാന്ത ദാസ്,

റിസർവ് ബാങ്ക് ഗവർണർ

എസ്.ബി.ഐ

പലിശ കുറച്ചു

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എസ്.ബി.ഐ വായ്‌പാപലിശയുടെ മാനദണ്ഡമായ എം.സി.എൽ.ആർ 0.15 ശതമാനം കുറച്ചു. എല്ലാ കാലപരിധി ക്രമത്തിലെ വായ്‌പകൾക്കും ഇതു ബാധകമാണ്. ഇതുപ്രകാരം ഒരുവർഷ കാലാവധിയുള്ള വായ്‌പകളുടെ പുതുക്കിയ പലിശ 8.25 ശതമാനമാണ്. നേരത്തേ 8.40 ശതമാനമായിരുന്നു. മറ്റു ബാങ്കുകളും വൈകാതെ എസ്.ബി.ഐയുടെ പാത സ്വീകരിച്ചേക്കും.