sushama-swaraj

തിരുവനന്തപുരം. 'എയിഡ്സ് രോഗത്തിന്റെ പേരിൽ സമൂഹം ഭ്രഷ്ടു കല്പിച്ച് മാറ്റിനിറുത്തിയ കുട്ടികളായ ബെൻസനേയും ബെൻസിയേയും കേന്ദ്ര ആരോഗ്യമന്ത്രി വാത്സല്യത്തോടെ മാറോടു ചേർത്തണച്ച് ചുംബിച്ചു.'

2003 സെപ്റ്റംബർ 23 ന് കേരളകൗമുദിയുടെ ഒന്നാം പേജിൽ 'സമൂഹ മനസ്സാക്ഷി ഉണർത്താൻ ഒരു സ്നേഹചുംബനം' എന്ന തലക്കെട്ടിൽ വന്ന വാർത്തയുടെ തുടക്കമായിരുന്നു ഇത്. എന്നാൽ ഇതോടനുബന്ധിച്ചു വന്ന ഫോട്ടോ എ‌യിഡ്സിനെതിരെയുള്ള ബോധവത്ക്കരണത്തിന് ലോകാരോഗ്യ സംഘടന തന്നെ തിരഞ്ഞെടുക്കുകയും പോസ്റ്ററാക്കുകയും ചെയ്തു. അകാലത്തിൽ അന്തരിച്ച കേരളകൗമുദിയുടെ ഫോട്ടോ എഡിറ്റർ എസ്.എസ്.റാം പകർത്തിയ ചിത്രമായിരുന്നു അത്. സുഷമ സ്വരാജിന്റെ താത്പ്പര്യ പ്രകാരം അവരുടെ ഓഫീസിൽ നിന്നുതന്നെ ചിത്രം ആവശ്യപ്പെടുകയായിരുന്നു.

ഈ കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തിയവരുടെ മനസാക്ഷി ഉണരാനും സമൂഹത്തിന്റെ തെറ്റിദ്ധാരണ നീക്കാനുമാണ് താൻ ഈ കുട്ടികളെ ചുംബിച്ചതെന്ന് സുഷമ സ്വരാജ് തിരുവനന്തപുരം പ്രസ് ക്ളബ്ബ് ഹാളിൽ ഈ രംഗത്തിന് സാക്ഷ്യം വഹിച്ച പത്രലേഖകരോട് പറഞ്ഞു. ഈ സംഭവത്തിന് ഒരു പശ്ചാത്തലമുണ്ട്.മാതാപിതാക്കൾ എ‌യിഡ്സ് ബാധിതരായി മരണമടഞ്ഞതിനാൽ ബെൻസനേയും ബെൻസിയേയും മുത്തച്ഛൻ, വിമുക്തഭടനായ ഗീവർഗീസ് ജോണിയാണ് സംരക്ഷിച്ചിരുന്നത്.ചാത്തന്നൂരിൽ കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ നിന്ന് പുറത്താക്കുന്ന സ്ഥിതി വന്നപ്പോൾ അന്നത്തെ സ്ഥലം എം.എൽ.എ പോലും സഹായത്തിനെത്തിയില്ല.

ചികിത്സാച്ചെലവ് താങ്ങാൻ കഴിയുന്നില്ലെന്നും കുട്ടികൾ നേരിടുന്ന ഭ്രഷ്ടിനെക്കുറിച്ചുമെല്ലാം രാഷ്ട്രപതി എ.പി.ജെ.അബ്ദുൾകലാമിന് ഗീവർഗീസ് കത്തയച്ചു.കേരളത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഡോ.കലാം സമൂഹത്തിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടിയതിനൊപ്പം ഈ വിഷയത്തക്കുറിച്ച് സംസാരിക്കുകയും ചെയ്തു.ചടങ്ങിൽ പങ്കെടുത്തിരുന്ന സുഷമ സ്വരാജിനോട് കുട്ടികളെ സഹായിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാമമൂർത്തിയോട് കുട്ടികളെ തനിക്കു നേരിൽ കാണണമെന്ന് സുഷമ ആവശ്യപ്പെട്ടു.

അടുത്ത ദിവസം പ്രസ് ക്ളബ്ബിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുഷമയ്ക്കു മുന്നിൽ കുട്ടികളെ കൊണ്ടുവരികയായിരുന്നു."സുഖമാണോ? എന്താണ് വിശേഷം " എന്ന് മലയാളത്തിൽ ചോദിച്ചുകൊണ്ടാണ് സുഷമ ബെൻസനേയും ബെൻസിയേയും ആശ്ളേഷിച്ചത്. കുട്ടികളുടെ അടുത്ത അഞ്ചു വർഷത്തെ ചികിത്സാച്ചെലവ് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് വഹിക്കുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു.എച്ച്.ഐ.വി ബാധിച്ചവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള വിലയേറിയ ആന്റിവൈറൽ ഗുളികയും (ഇതിന് ഒരാൾക്ക് മാസം 5000 രൂപ വരും) ലാറ്റക്‌സ് നൽകുമെന്ന് സുഷമ പറഞ്ഞു.

അന്നു രാവിലെ 11 മണിക്ക് പ്രസ് ക്ളബിലെത്തിയ സുഷമ സ്വരാജ് ഉച്ചയ്ക്ക് രണ്ടു മണിക്കു മുമ്പ് ഇതിന്റെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടതായി അന്ന് ലാറ്റക്സിന്റ പി.ആർ. ആയിരുന്ന അഡ്വ.ലാലു ജോസഫ് പറഞ്ഞു.മദർ കെയർ എന്നു പേരിട്ട ആ പദ്ധതി പ്രകാരം ഓരോ കുട്ടികൾക്കും ചികിത്സാച്ചെലവിനുള്ള പണം ജില്ലാ കളക്ടർ മുഖേന വിതരണം ചെയ്യാനും സുഷമ നിർദ്ദേശിച്ചു.