kaumudy-news-headlines

1. ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ പൊലീസ് വീഴ്ച പരിശോധിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകും. ശ്രീറാം റോഡ് നിയമം അറിയാത്ത ആളല്ല. കാര്യങ്ങള്‍ അറിയുന്ന ആള്‍ ചെയ്യുമ്പോള്‍ ഗൗരവം കൂടും. സംവിധാനങ്ങളിലെ വേഗം ഇല്ലായ്മ ആണ് ശ്രീറാം കേസില്‍ ഉണ്ടായത്. ശ്രീറാമിന്റെ കാര്‍ അമിത വേഗത്തില്‍ ആയിരുന്നു. മദ്യപിച്ചാണ് കാര്‍ ഓടിച്ചത് എന്ന് ബോധ്യപ്പെട്ടതോടെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു എന്നും മുഖ്യമന്ത്രി


2. പി.എസ്.സിയുടെ വിശ്വാസ്യത പ്രധാനമാണ്. ഇപ്പോഴത്തെ പ്രശ്നം പി.എസ്.സിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതല്ല. ചില വ്യക്തികള്‍ക്ക് അസാധാരണ റാങ്ക് ലഭിച്ചു. തെറ്റായ മാര്‍ഗ്ഗത്തിലൂടെ ഉത്തരം എഴുതി എന്നതാണ് പ്രശ്നം. ഏതാനും പേര്‍ ചേര്‍ന്ന് നടത്തിയ ഒരു കുറ്റകൃത്യം ആണിത് എന്നും മുഖ്യമന്ത്രി. ഭൂരഹിതരായ 1,06,450 പേര്‍ക്ക് പട്ടയം നല്‍കി കഴിഞ്ഞു. കൈവശമുള്ള ഭൂമിയ്ക്ക് പട്ടയം ലഭിക്കാനുള്ള വരുമാന പരിധി ഒഴിവാക്കി. പട്ടയ ഭൂമിയുടെ കൈമാറ്റ കാലാവധി 25 വര്‍ഷത്തില്‍ നിന്ന് 12 വര്‍ഷമായി കുറച്ചു
3. ഇടുക്കി ഭൂപ്രശ്നം മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്തവും സങ്കീര്‍ണവും എന്ന് മുഖ്യമന്ത്രി. ഇടുക്കിയുടെ വികസനത്തിന് ഉതകുന്ന സംവിധാനം ഉണ്ടാക്കി എടുക്കുകയാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വ്യക്തമായ കണക്ക് ശേഖരിക്കും. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചതും എന്‍.ഒ.സി ഇല്ലാത്തതും ആയ നിര്‍മ്മാണങ്ങളുടെ കണക്ക് എടുക്കും. പ്രകൃതിക്ക് യോജിച്ച നിര്‍മ്മാണവും വികസനവും വേണമെന്ന് പ്രളയം പഠിപ്പിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള നിര്‍മ്മാണങ്ങള്‍ ഏറ്റെടുക്കും. പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണം തടയാനുള്ള നടപടി ഉണ്ടാകും എന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി
4. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിക്കാന്‍ ഇടയായ വാഹനാപകട കേസില്‍ സംസ്ഥാന പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തെളിവു ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി. അപകടശേഷം ശ്രീറാമിനെ വൈദ്യ പരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് പൊലീസിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും ശ്രീറാമിന് എതിരായ തെളിവുകള്‍ അയാള്‍ തന്നെ കൊണ്ടു വരുമെന്നാണോ പൊലീസ് കരുതി ഇരിക്കുന്നത് എന്നും ഹൈക്കോടതി എന്നും ചോദ്യം
5. നിലവിലെ തെളിവുകള്‍ വച്ച് അശ്രദ്ധമായ ഡ്രൈവിംഗ് എന്നു മാത്രമല്ലേ പറയാന്‍ സാധിക്കൂ. തലസ്ഥാനത്ത് ഗവര്‍ണര്‍ അടക്കം താമസിക്കുന്ന തന്ത്രപ്രധാന മേഖലകളിലെ റോഡുകളില്‍ സി.സി.ടി.വി ഇല്ലെന്ന് പറയാന്‍ പൊലീസിന് എങ്ങനെ കഴിയുന്നു എന്നും കോടതി ചോദിച്ചു. നിരീക്ഷണം, ശ്രീറാമിന് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ പരിഗണിച്ച്.
6. അപകടശേഷം ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാന്‍ ആകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. കേസില്‍ ശ്രീറാം വെങ്കിട്ട രാമന് നോട്ടീസ് അയച്ച കോടതി, സര്‍ക്കാരിന്റെ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
7. സംസ്ഥാനത്തെ ആരോഗ്യ പരിപാലന മേഖലയെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് യോഗത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
8. പത്തു കോടി രൂപവരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാന്‍ ഇനി മുന്‍കൂട്ടി അനുമതി വേണ്ട. ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ ഇത്തരം വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യും. ചുവപ്പ് വിഭാഗത്തില്‍ വരാത്ത വ്യവസായങ്ങള്‍ക്ക് ആയിരിക്കും ഇളവ്. ഇളവ് ലഭിക്കുന്ന വ്യവസായികള്‍ മൂന്നു വര്‍ഷത്തിനകം നിയമാനുസൃതമായ എല്ലാ അനുമതികളും നേടണം. ഇതിനായി വ്യവസായ വകുപ്പില്‍ പ്രത്യേക സെല്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത യോഗത്തിലാണ് ഈ തീരുമാനം.
3. കാശ്മീരില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന പേരില്‍ പാക് മാദ്ധ്യമ പ്രവര്‍ത്തകന്‍ പ്രചരിപ്പിച്ച ചിത്രങ്ങള്‍ വ്യാജമെന്ന് കണ്ടെത്തി. ഇന്ത്യന്‍ സൈന്യം കാശ്മീരികളോട് ക്രൂരമായി പെരുമാറുക ആണെന്ന് കുറിച്ചാണ് മാദ്ധ്യമ പ്രവര്‍ത്തകനായ അമീര്‍ അബ്ബാസ് രണ്ട് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. അമീര്‍ ട്വീറ്റ് ചെയ്ത പിന്നാലെ നിരവധി പേര്‍ ട്വീറ്റ് ഏറ്റെടുത്തു. ഇതിനു പിന്നാലെ ആണ് ചിത്രങ്ങള്‍ വ്യാജമെന്ന് കണ്ടെത്തിയത്
9. സാഹിത്യ നോബല്‍ ജേതാവായ ആദ്യ കറുത്ത വര്‍ഗക്കാരി ടോണി മോറിസണ്‍ അന്തരിച്ചു.88 വയസായിരുന്നു. പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് മരണം. 1993 ലാണ് ടോണി മോറിസണ്‍ സാഹിത്യത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയത്. 1998ല്‍ പുലിറ്റ്സര്‍ പുരസ്‌കാരവും നേടി. 1970 ല്‍ പുറത്തിറക്കിയ ദി ബ്ലൂവെസ്റ്റ് ഐ ആയിരുന്നു ആദ്യ നോവല്‍. അമേരിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡവും ടോണി മോറിസണ്‍ നേടിയിട്ടുണ്ട്.
10. ഉത്തരകൊറിയയുടെ അവസാന മിസൈല്‍ പരീക്ഷണം ദക്ഷിണ കൊറിയയ്ക്കും യുഎസിനുമുള്ള മുന്നറിയിപ്പാണെന്ന് കിംഗ് ജോംഗ് ഉന്‍. ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന മിസൈലാണ് കഴിഞ്ഞ ദിവസം ഉത്തര കൊറിയ പരീക്ഷിച്ചത്. രണ്ടാഴ്ചക്കിടെ നാലാം തവണയാണ് മിസൈല്‍ പരീക്ഷിക്കുന്നത്. യു.എസ് ഉത്തരകൊറിയ ബന്ധം മോശമാക്കാന്‍ സംയുക്ത സൈനികാഭ്യാസം ഇടയാക്കുമെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയത് ആണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.