-cm-

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സിയുടെ വിശ്വാസ്യതയിൽ പ്രശ്നമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എസ്.സിയുടെ വിശ്വാസ്യതയാണ് പ്രധാനം. അത് തകർക്കരുത് എന്നതാണ് നിലപാടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഭരണഘടനാസ്ഥാപനമെന്ന നിലയിൽ അതിന്റെ വിശ്വാസ്യത നിലനിര്‍ത്താനുളള സമീപനമാണ് താനെടുത്തത്. പി.എസ്.സിയുമായി ബന്ധപ്പെട്ട് ഒന്നും അന്വേഷിക്കാനില്ലെന്ന മുൻ പ്രസ്താവനയെ ന്യായീകരിച്ചാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

പരീക്ഷയിൽചില വ്യക്തികൾ തെറ്റായ മാർഗത്തിലൂടെ ഉത്തരമെഴുതിയതാണ് പ്രശ്നം. കുറ്റവാളികളെ കണ്ടെത്തണം എന്നു പറയുന്നത് പിഎസ്‍സിയാണ്. അതാണ് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു പരീക്ഷയിൽ ചിലർക്ക് അസാധാരണ നേട്ടമുണ്ടായതായി പി.എസ്‍.സി വിജിലൻസ് കണ്ടെത്തുകയായിരുന്നു. ആരോപണമുയർന്ന് 15 ദിവസത്തിനകം അത് കണ്ടെത്തി. പരീക്ഷാക്രമക്കേടിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2003ലും 2010 ലും എൽ.ഡി.സി,എസ്.ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആഭ്യന്തര വിജിലൻസ് നൽകിയ ശുപാർശയിലാണ് അന്ന് നടപടിയുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാമെന്ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷകൾ കുറ്റമറ്റരീതിയിൽ നടത്തണമെന്ന നിർബന്ധം പി.എസ്.സിക്കുണ്ട്. വിശ്വാസ്യത നിലനിറുത്തുന്നതിന് അതിനകത്തുതന്നെ സംവിധാനങ്ങളുണ്ട്. അതുപയോഗിച്ചാണ് അവർ ഇക്കാര്യങ്ങൾ നടത്തുന്നത്. നിലവിലെ പ്രശ്‌നത്തിൽ പി.എസ്.സിയിലെ വിജിലൻസ് വിഭാഗത്തിന് ലഭ്യമായ തെളിവുകളും വിവരങ്ങളും തുടരന്വേഷണത്തിനായി പൊലീസിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമക്കേടിലുൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. ഭരണഘടനാ സ്ഥാപനമായ പി.എസ്.സി സ്വന്തം നിലയ്ക്കാണ് ഇത്രയും കാര്യങ്ങൾ ചെയ്തിട്ടുള്ളത്. പൊലീസ് കേസ് വരുമ്പോൾ സ്വാഭാവികമായും പി.എസ്.സി തന്നെയാണ് പരാതിക്കാരായി വരുന്നത്. പരീക്ഷാ ക്രമക്കേട് നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഉന്നയിച്ചതും പി.എസ്.സിയാണ്. പി.എസ്.സിയുടെ വിശ്വാസ്യത കളങ്കപ്പെട്ടിട്ടില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കുറ്റവാളികൾ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്ഷേപം വേഗം അന്വേഷിക്കാനും നടപടിക്കും സ്വന്തംനിലയിൽ പി.എസ്.സിക്ക് കഴിഞ്ഞെന്നത് ശ്രദ്ധേയമാണ്. പി.എസ്.സിയുമായി ആലോചിച്ച് കുറ്റവാളികൾക്കെതിരെ കർശനനടപടി എടുക്കും. സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ മുഖ്യമന്ത്രി പരിഹസിച്ചു