sushma-swaraj

ന്യൂഡൽഹി: ഇന്നലെ അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന് രാജ്യം പൂർണ ഔദ്യോഗിക ബഹുമതികളോടെ വിടനൽകി. ഡൽഹിയിലെ ലോധി റോഡ് ശ്മ‌ശാനത്തിൽ വൈകിട്ട് നാലരയോടെയായിരുന്നു സംസ്കാരം. കുടുംബാംഗങ്ങൾക്ക് പുറമെ പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

രാവിലെ 11 മണി വരെ ഭൗതികശരീരം ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വച്ചിരുന്നു. അതിനു ശേഷം ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനം നടന്നു. വൈകീട്ട് മൂന്നരയോടെ ലോധി റോഡിലുള്ള ശ്മശാനത്തിൽ അന്ത്യ ശുശ്രൂഷകൾ ആരംഭിച്ചു.

നിരവധി നേതാക്കളാണ് സുഷമയെ അവസാനമായി കാണാൻ ഡൽഹിയിലെ വസതിയിലേക്ക് എത്തിയത്. .

സുഷമാ സ്വരാജിന്റെ നിര്യാണത്തെ തുടർന്ന് ഡൽഹിയിലും ഹരിയാനയിലും രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.