 പദ്ധതി അടുത്തവർഷം മുതൽ

തിരുവനന്തപുരം: പത്തുലക്ഷം വിദ്യാർത്ഥികൾക്ക് അടുത്ത അദ്ധ്യയനവർഷം മുതൽ സൗജന്യമായി കൈത്തറി യൂണിഫോം തുണി നൽകാൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, സി.കെ. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. 2020 ഏപ്രിൽ ഒന്നുമുതൽ മേയ് 15 വരെയായിരിക്കും വിതരണം.

സർക്കാർ സ്‌കൂളുകളിൽ ഒന്നുമുതൽ ഏഴുവരെയും എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ നാലുവരെയും ക്ളാസുകളിൽ പഠിക്കുന്നവർക്കാണ് യൂണിഫോം നൽകുക. 48.75 ലക്ഷം മീറ്റർ തുണി ഇതിനായി വേണം. 122 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. യൂണിഫോം ഉത്‌പാദനം കൈത്തറി സംഘങ്ങളിൽ ആരംഭിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 15ലക്ഷം വിദ്യാർത്ഥികൾക്കായി 70 ലക്ഷം മീറ്റർ തുണി വിതരണം ചെയ്‌തിരുന്നു. വടക്കൻ ജില്ലകളിൽ ഹാൻവീവും തെക്കൻ ജില്ലകളിൽ ഹാൻടെക്‌സുമാണ് കൈത്തറി സംഘങ്ങളിൽ നിന്ന് യൂണിഫോം ശേഖരിച്ച് വിതരണം ചെയ്യുന്നത്.