ന്യൂഡൽഹി: ജമ്മു കാശ്‌മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ ഇന്ത്യൻ തീരുമാനത്തിന് പിന്നാലെ, കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ തീർത്ഥാടകരുടെ രണ്ട് സംഘങ്ങൾക്ക് ചൈന വിസ നിഷേധിച്ചു. സംഘത്തിലെ ആളുകൾക്ക് ചൊവ്വാഴ്ചയാണ് വിസ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇതുസംബന്ധിച്ച അറിയിപ്പൊന്നും ചൈന നൽകിയിട്ടില്ല.
ഇന്നലെ രാവിലെയാണ് സംഘം പുറപ്പെടേണ്ടിയിരുന്നത്. യാത്രാദിവസത്തിന് ഒരു ദിവസം മുമ്പെങ്കിലും വിസ നൽകുന്നതായിരുന്നു പതിവ്.
നേരത്തേ ദോക് ലാം പ്രശ്‌നത്തിനിടയിലും മാനസരോവർ യാത്രയ്ക്ക് ചൈന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജൂൺ എട്ടിന് ആരംഭിച്ച ഈ വർഷത്തെ കൈലാസ് - മാനസരോവർ യാത്ര അടുത്ത മാസം അവസാനിക്കും. ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയും സിക്കിമിലെ നാഥുല വഴിയുമാണ് യാത്ര. ചൈനീസ് അതിർത്തിയിലുള്ള പർവതമേഖലയിലൂടെയാണ് മാനസരോവറിൽ എത്തേണ്ടത്.
ഇന്ത്യ - ചൈന അതിർത്തിയുടെ പടിഞ്ഞാറുള്ള ചൈനീസ് മേഖലയെ ഇന്ത്യ സ്വന്തം അധികാരപരിധിയിൽ ഉൾപ്പെടുത്തുന്നതായും ചൈനയ്ക്ക് ഇതിൽ ശക്തമായ എതിർപ്പുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിയിംഗ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ലഡാക്കിലെ ചൈനയുടെ അധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യയുടേതെന്നും അവർ ആരോപിച്ചിരുന്നു. അതേസമയം, തങ്ങൾ മറ്റ് വിദേശരാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാറില്ലെന്നും തിരിച്ച് ഇങ്ങോട്ടും അത്തരം മര്യാദകൾ പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ ഇതിനോട് പ്രതികരിച്ചിരുന്നു.
ഇന്ത്യ-ചൈന അതിർത്തിയിൽ പരസ്പരം സ്വീകാര്യമായ പരിഹാരത്തിന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സമാധാന അന്തരീക്ഷം നിലനിറുത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയുണ്ടെന്നും രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു.