കൊച്ചി: കോയമ്പത്തൂർ ആസ്ഥാനമായുള്ള വസ്‌ത്ര നിർമ്മാതാക്കളായ കെ.പി.ആർ ഗ്രൂപ്പിന്റെ ഓർഗാനിക് ഇന്നർവെയർ ബ്രാൻഡായ 'ഫസോ" കേരള വിപണിയിലെത്തി. കൊച്ചിയിൽ 90 ഡീലർമാർ വഴി ഉത്‌പന്നങ്ങൾ ലഭ്യമാണ്. ഈവർഷം അവസാനത്തോടെ കേരളം മുഴുവൻ ഉത്‌പന്നം ലഭ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ പി. നടരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്‌പിന്നിംഗ്-ഗാർമെന്റ് രംഗത്ത് 35വർഷത്തെ പാരമ്പര്യമുള്ള കമ്പനി 40 രാജ്യങ്ങളിലേക്ക് വസ്‌ത്രങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. യൂറോപ്പാണ് പ്രധാന വിപണി. കഴിഞ്ഞ മേയിലാണ് ആഭ്യന്തര വിപണിയിൽ വില്‌പന ആരംഭിച്ചത്. തമിഴ്‌നാട്ടിലായിരുന്നു തുടക്കം. ഈവർഷം തന്നെ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കും 2020ഓടെ ഇന്ത്യ മുഴുവനും വിപണി വ്യാപിപ്പിക്കും. 2020ഓടെ സ്‌പോർട്‌സ് വെയറുകളും പുറത്തിറക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം 4,000 കോടിയോളം രൂപയായിരുന്നു ഗ്രൂപ്പിന്റെ വിറ്റുവരവ്. കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലായി 12 ഫാക്‌ടറികളുണ്ട്. നടപ്പുവർഷം ആഭ്യന്തര വിപണിയിൽ നിന്നുൾപ്പെടെ മൊത്തം വിറ്റുവരവിൽ 15 ശതമാനം വർദ്ധന പ്രതീക്ഷിക്കുന്നുവെന്ന് പി. നടരാജൻ 'കേരളകൗമുദി"യോട് പറഞ്ഞു. കംഫർട്ട്, സ്‌റ്റൈൽ, സുപ്രീം എന്നീ പ്രീമീയം റേഞ്ചുകളിലാണ് ഫസോ കേരളത്തിൽ അവതരിപ്പിച്ചത്. 100 ശതമാനം കോട്ടൺ ഫൈൻ ഉത്‌പന്നങ്ങളാണ് ഫസോയിലുള്ളത്. ഇറ്റാലിയൻ ഡിസൈനിലാണ് നിർമ്മാണം.