കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള തെളിവുകൾ കണ്ടെത്തുന്നതിൽ കൃത്യവിരോപം കാട്ടിയ കേരള പൊലീസിന് ഹൈ കോടതിയുടെ രൂക്ഷ വിമർശനം. ശ്രീറാമിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി പൊലീസിനെ വിമർശിച്ചത്.
അപകടശേഷം ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. അപകടം നടന്ന ശേഷം ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി തെളിവുകൾ ശേഖരിക്കാത്തതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. ശ്രീറാമിനെതിരെയുള്ള തെളിവുകൾ അയാൾ തന്നെ കൊണ്ടുവരും എന്ന് കരുതിയോ എന്നും തെളിവുകൾ നശിപ്പിക്കപ്പെടുമ്പോൾ അത് തടയാൻ പൊലീസ് എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും കോടതി ചോദിച്ചു.
തലസ്ഥാനനഗരിയിൽ ഗവർണർ അടക്കം വസിക്കുന്ന പ്രധാന മേഖലകളിലെ റോഡുകളിൽ സി.സി.ടി.വി ഇല്ലെന്ന് പറയാൻ പൊലീസിന് എങ്ങനെ കഴിയുന്നുവെന്നും കോടതി ചോദിച്ചു. എന്നാൽ മജിസ്ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് അനുവദിച്ച ജാമ്യം അടിയന്തിരമായി നിർത്തിവയ്ക്കാൻ സാധിക്കില്ല എന്നും കോടതി പറഞ്ഞു. സർക്കാരിന്റെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.