kashmir-unrest
kashmir unrest

ലാഹോർ:ജമ്മുകാശ്‌മീരിനെ വിഭജിച്ച് പ്രത്യേകാധികാരങ്ങളെല്ലാം റദ്ദാക്കിയതിന്റെ പ്രത്യാഘാതമായി ഇന്ത്യയ്ക്കെതിരെ ഏറ്റുമുട്ടലിന്റെ പാത തുറന്ന പാകിസ്ഥാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ പുറത്താക്കാനും ന്യൂഡൽഹിയിലെ സ്വന്തം ഹൈക്കമ്മിഷണറെ തിരിച്ചു വിളിക്കാനും തീരുമാനിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെക്കുറയ്‌ക്കുമെന്നും വ്യാപാര ബന്ധങ്ങൾ മരവിപ്പിക്കുമെന്നും പാക് വിദേശ കാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പ്രഖ്യാപിച്ചു.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ചുകൂട്ടിയ ദേശീയ സുരക്ഷാ സമിതി യോഗം

ഇവ ഉൾപ്പെടെ ഉഭയ കക്ഷി ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന പല തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. പാക് സൈന്യത്തിന് ഇമ്രാൻ ജാഗ്രതാ നിർദ്ദേശവും നൽകി.

ഇന്ത്യയിലെ വർഗ്ഗീയ ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനങ്ങളും വംശീയ ഭരണരീതികളും തുറന്നുകാട്ടാൻ എല്ലാ നയതന്ത്ര സാദ്ധ്യതകളും ഉപയോഗിക്കാനും പാക് യോഗം തീരുമാനിച്ചു.

പാക് പ്രതിരോധമന്ത്രി പർവേസ് ഖട്ടക്, വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി, കരസേനാ മേധാവി ഖമർ ബജ്‌വ, വ്യോമ - നാവികസേനാ മേധാവികൾ, ചാര സംഘടനയായ ഐ.എസ്.ഐയുടെ തലവൻ ഫയിസ് അഹമ്മദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് കരിദിനമായി ആചരിക്കുമെന്ന് പാക് ഭരണ കക്ഷിയായ തെഹ്‌രിക് ഇ ഇൻസാഫ് പ്രഖ്യാപിച്ചു.

പാകിസ്ഥാന്റെ തീരുമാനങ്ങൾ

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെട്ടിക്കുറയ്‌ക്കും

ഉഭയകക്ഷി വ്യാപാരം മരവിപ്പിക്കും

കാശ്‌മീർ വിഭജനം യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കും

പാക് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14 കാശ്‌മീരികളോടുള്ള ഐക്യദാർഢ്യ ദിനം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ കരാറുകളും പുനഃപരിശോധിക്കും

തിങ്കളാഴ്​ചയാണ്​ ജമ്മു-കാശ്​മീരിന്​ പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം വകുപ്പ്​ കേന്ദ്രസർക്കാർ എടുത്തു കളഞ്ഞത്​. ജമ്മു-കാശ്​മീർ, ലഡാക്ക്​ എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി കാശ്​മീരിനെ വിഭജിക്കുന്ന ബില്ലും പാർലമെന്റിൽ പാസാക്കിയിരുന്നു.

''ഞങ്ങളുടെ പ്രതിനിധി ഇനി ഇന്ത്യയിൽ തുടരില്ല. ഇന്ത്യയുടെ പ്രതിനിധിയെ ഞങ്ങൾ തിരിച്ചയയ്‌ക്കും"-

--പാക് വിദേശകാര്യ മന്ത്രി മഹമൂദ് ഖുറേഷി

 മറ്റൊരു പുൽവാമയെന്ന് ഭീഷണി

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പുൽവാമ മാതൃകയിലുള്ള ഭീകരാക്രമണങ്ങൾക്കും ഇന്ത്യ– പാക് യുദ്ധത്തിനും ഇടയാക്കുമെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു

 അശാന്തിയുടെ കാശ്മീർ

ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ എടുത്തുമാറ്റിയതിന് പിന്നാലെ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധാനാജ്ഞ നിലനിൽക്കുന്ന ശ്രീനഗറിൽ പൊലീസ് പിന്തുടർന്ന പ്രക്ഷോഭകാരികളിലൊരാൾ മരിച്ചു. ഇയാൾ ത്ധലം നദിയിൽനദിയിലേക്ക് ചാടിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ശ്രീനഗറിലെ പ്രക്ഷോഭകാരികളുടെ വെടിവയ്പിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

 വിമാനത്താവളങ്ങൾക്ക് സുരക്ഷ

രാജ്യത്തെ അശാന്തിയുടെ സാഹചര്യത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 19 വിമാനത്താവളങ്ങൾക്ക് അതീവ സുരക്ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന് ഒരു കിലേമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾ പരിശോധിക്കും. ഡൽഹി, മുംബയ്, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങൾ ഇവയിൽ ഉൾപ്പെടുന്നു