ഹരിയാന വിധാൻ സഭാ ഹാളിലേക്കു കയറിവന്ന പെൺകുട്ടിയെക്കണ്ട് അംഗങ്ങൾ കൗതുകത്തോടെ പരിചയപ്പെടാൻ അടുത്തു. ഇരുപത്തിയഞ്ചു വയസ്സേയുള്ളൂ. വെളുത്തു മെലിഞ്ഞ സുന്ദരി. അംബാല മണ്ഡലത്തിൽ നിന്നാണ് വരവ്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സജീവ പ്രവർത്തക.ജനതാ സർക്കാർ. ദേവിലാലാണ് മുഖ്യമന്ത്രി. സത്യപ്രതിജ്ഞാ ദിവസം സുഷമ സ്വരാജിനു നൽകിയ വകുപ്പ് കേട്ട് സീനിയർ നേതാക്കൾ പോലും ഞെട്ടി: വിദ്യാഭ്യാസം. ക്യാബിനറ്റ് പദവി. രാജ്യത്ത് ആ പ്രായത്തിൽ സംസ്ഥാന മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയിൽ ഒരാൾ എത്തുന്നത് ആദ്യം!
ഒന്നാം നിരയിലായിരുന്നു എന്നും സുഷമ. ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനായിരുന്നു അച്ഛൻ ഹർദേവ് ശർമ്മ. പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് ഹരിയാനയിലേക്കു കുടിയേറിയ കുടുംബം. സ്കൂളിലും കോളേജിലും മിടുക്കി. ഡിഗ്രിക്കു പഠിക്കുമ്പോൾ ഹരിയാന സർവകലാശാലയിലെ ഹിന്ദി വിഭാഗന്റെ ആഭിമുഖ്യത്തിലുള്ള പ്രസംഗ മത്സരത്തിൽ തുടർച്ചയായി മൂന്നു വർഷമാണ് സുഷമ ഒന്നാം സ്ഥാനക്കാരിയായത്. നിയമബിരുദത്തിനു ശേഷം സുപ്രീം കോടതിയിൽ അഭിഭാഷകമായി പ്രാക്ടീസ് തുടങ്ങി.
ജോർജ് ഫെർണാണ്ടസ് ആണ് സുഷമയുടെ രാഷ്ട്രീയ ഗുരു. അഭിഭാഷകയായിരിക്കെ സുഷമ ഫെർണാണ്ടസിന്റെ നിയമജ്ഞ സംഘത്തിൽ അംഗമായി. പിന്നീട് ജീവതപങ്കാളിയായി എത്തിയ സ്വരാജ് കൗശിക്കും ആ സംഘത്തിലുണ്ടായിരുന്നു. സുഷമ കടുത്ത ആർ.എസ്.എസുകാരി. സ്വരാജ് സോഷ്യലിസ്റ്റ്. പക്ഷേ, രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസമൊന്നും അടുപ്പത്തിനു തടസ്സമായില്ല. പരിചയം പതിയെപ്പതിയെ പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും നീണ്ടു. കടുത്ത യാഥാസ്ഥിതിക മനോഭാവക്കാരായിരുന്നു സുഷമയുടെ കുടുംബം. എതിർപ്പും അതുപോലെ കടുത്തു. അടിയന്തരാവസ്ഥ കത്തിനിന്ന നാളുകളിൽ വിവാഹം. അടിയന്തരാവസ്ഥക്കാലത്തിനു ശേഷമാണ് സുഷമ ബി.ജെ.പി അംഗമായത്.
ഇരുപത്തിയഞ്ചാം വയസ്സിൽ ഹരിയാനയിൽ വിദ്യാഭ്യാസ മന്ത്രിയായ സുഷമ രണ്ടു വർഷം കൂടി കഴിഞ്ഞ് ജനതാ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷപദത്തിലെത്തി. 1990 ൽ രാജ്യസഭാംഗമായി പാർലമെന്റിൽ എത്തിയ സുഷമ സ്വരാജ്, 1996-ൽ പതിനൊന്നാം ലോക്‌സഭയിലേക്ക് സൗത്ത് ഡൽഹിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് വീണ്ടും ഇന്ദ്രപ്രസ്ഥത്തിലെത്തി. അടൽ ബിഹാരി വാജ്പേയിയുടെ ആദ്യ മന്ത്രിസഭ. പക്ഷേ ആ സർക്കാരിന് 13 ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 1998 മാർച്ചിൽ സൗത്ത് ഡൽഹിയിൽ നിന്നു തന്നെ രണ്ടാം ജയം. അത്തവണ വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ- പ്രക്ഷേപണ വകുപ്പു മന്ത്രിയാകാനായിരുന്നു നിയോഗം. ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ അധിക ചുമതലയും. സുഷമ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരിക്കെയാണ് ചലച്ചിത്ര നിർമ്മാണത്തെ വ്യവസായമായി പ്രഖ്യാപിച്ചതും സർവകലാശാലകളിൽ കമ്യൂണിറ്റി റേഡിയോ സംവിധാനം ആരംഭിച്ചതും.
അതിനിടെ, ഡൽഹി മുഖ്യമന്ത്രി പദമേൽക്കാൻ പാർട്ടിയുടെ കല്പന. കേന്ദ്ര മന്ത്രിപദം രാജിവച്ച് സുഷമ 98 ഒക്ടോബറിൽ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. 1999 ൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്. കർണാടകത്തിലെ ബെല്ലാരിയിൽ സോണിയാ ഗാന്ധിക്ക് എതിരെ മത്സരിക്കാനായിരുന്നു നിയോഗം. ഹരിയാനക്കാരിയായ സുഷമ ഒരാഴ്ച കൊണ്ട് കന്നട ഭാഷ പഠിച്ച്, പൊതുവേദികളിൽ ഗ്രാമീണരുടെ ഭാഷയിൽ പ്രസംഗിച്ച് കൈയടി നേടി. പന്ത്രണ്ടു ദിവസമായിരുന്നു പ്രചാരണകാലം. 3,58,000 വോട്ട് നേടിയ സുഷമ അന്നു പരാജയപ്പെട്ടത് വെറും ഏഴു ശതമാനം വോട്ട് വ്യത്യാസത്തിന്!