red-alert

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെതുടർന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മലപ്പുറം,​ ഇടുക്കി ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴ തുടരുകയും നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ,കേന്ദ്രീയ വിദ്യാലയം, അംഗൻവാടികൾ, മദ്രസകൾ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുകയില്ല.

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്,പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടിയിലായി.

ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് വ്യാപകനാശനഷ്ടമാണ് ഉണ്ടായി.നിരവധി വീടുകൾ മരം വീണ് തകർന്നു. വെള്ളം നിറഞ്ഞതിനെ തുടർന്ന് ഊരുക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഉയർത്തി.

കണ്ണൂർ ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവിൽ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. വയനാട് കുറിച്യർ മലയിൽ ഇന്ന് പുലർച്ചെ മണ്ണിടിച്ചിൽ ഉണ്ടായി. ഇവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

പാലക്കാട്ടെ അട്ടപ്പാടി,ഷോളയൂർ, അഗളി, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ഇന്നു ലഭിച്ചത്. ഇടുക്കിയിലും ശക്തമായ മഴ ലഭിക്കുകയാണ്. വയനാട് ജില്ലയിൽ 5 ക്യാമ്പുകളിലായി 92 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.