|
1. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയും ആയ സുഷമ സ്വരാജിന് രാജ്യത്ത്ിന്റെ അഞ്ജലി. ഡല്‍ഹിയിലെ ലോധിയിലുള്ള വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. സംസ്‌കാരം. സുഷമയുടെ മകള്‍ ബന്‍സുരിയാണ് അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി നിരവധി നേതാക്കന്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
2. ഹൃദയ ആഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11ന് ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 1977ല്‍, 25ാം വയസില്‍ ഹരിയാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുഷമ സ്വരാജ്, ദേവിലാല്‍ മന്ത്രിസഭയില്‍ അംഗമായി. 1979ല്‍ ഹരിയാന ജനതാപാര്‍ട്ടി അധ്യക്ഷയായി. 1987ലും ഹരിയാനയില്‍ മന്ത്രിയായി. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലും അംഗമായിരുന്ന സുഷമ സ്വരാജ് 15ാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1998-ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായി. മുന്‍ ഗവര്‍ണര്‍ സ്വരാജ് കൗശല്‍ ആണു ഭര്‍ത്താവ്.
3. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും പങ്ക്. പി.എസ്.സി പരീക്ഷ ക്രമക്കേടില്‍ പൊലീസുകാരനും പങ്കുള്ളതായി പി.എസ്.സി വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി കുത്തുകേസ് പ്രതികളില്‍ ഒരാളായ പ്രണവിന് ശരിയുത്തരങ്ങള്‍ പി.എസ്.സി പരീക്ഷ സമയത്ത് ഫോണിലൂടെ അയച്ച് കൊടുത്തത്, പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരന്‍ ആയ ഗോകുല്‍. കല്ലറ സ്വദേശി ഗോകുല്‍ വി.എമ്മന്റെതാണ് പി.എസ്.സി വിജിലന്‍സ് കണ്ടെത്തിയ മൊബൈല്‍ നമ്പര്‍. പ്രണവിന്റെ അടുത്ത സുഹൃത്താണ് ഗോകുല്‍.
4. പരീക്ഷാ സമയത്ത് ഗോകുലിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചത് എന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം റാങ്കുകാരാനായ ശിവരഞ്ജിത്, രണ്ടാം റാങ്കുകാരന്‍ ആയ പ്രണവ് എന്നിവരുടെ ഫോണിലേക്ക് പരീക്ഷ സമയത്ത് 174 സന്ദേശങ്ങള്‍ വന്നു എന്നും ഇവ എല്ലാം ഉത്തരങ്ങള്‍ ആയിരുന്നു എന്നും നേരത്തെ കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതികള്‍ ആയതോടെ ആണ് പി.എസ്.സി. പരീക്ഷയെ സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് പി.എസ്.സി. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തുക ആയിരുന്നു.
5. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിക്കാന്‍ ഇടയായ വാഹനാപകട കേസില്‍ സംസ്ഥാന പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തെളിവു ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി. അപകടശേഷം ശ്രീറാമിനെ വൈദ്യ പരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് പൊലീസിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും ശ്രീറാമിന് എതിരായ തെളിവുകള്‍ അയാള്‍ തന്നെ കൊണ്ടു വരുമെന്നാണോ പൊലീസ് കരുതി ഇരിക്കുന്നത് എന്നും ഹൈക്കോടതി എന്നും ചോദ്യം
6. നിലവിലെ തെളിവുകള്‍ വച്ച് അശ്രദ്ധമായ ഡ്രൈവിംഗ് എന്നു മാത്രമല്ലേ പറയാന്‍ സാധിക്കൂ. തലസ്ഥാനത്ത് ഗവര്‍ണര്‍ അടക്കം താമസിക്കുന്ന തന്ത്രപ്രധാന മേഖലകളിലെ റോഡുകളില്‍ സി.സി.ടി.വി ഇല്ലെന്ന് പറയാന്‍ പൊലീസിന് എങ്ങനെ കഴിയുന്നു എന്നും കോടതി ചോദിച്ചു. നിരീക്ഷണം, ശ്രീറാമിന് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ പരിഗണിച്ച്.
7. അപകടശേഷം ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാന്‍ ആകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. കേസില്‍ ശ്രീറാം വെങ്കിട്ട രാമന് നോട്ടീസ് അയച്ച കോടതി, സര്‍ക്കാരിന്റെ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
8. സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കന്‍ കേരളത്തോടൊപ്പം ഇടുക്കി ജില്ലയിലും മഴ ശക്തമായി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുക ആണ്. കനത്ത മഴയില്‍ പലേടത്തും ഗതാഗതവും തടസപ്പെട്ടു. ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും.
9. അതേസമയം കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. പെരിയാര്‍, തൊടുപുഴയാര്‍, മുവാറ്റുപുഴയാര്‍ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത ഉളളതിനാല്‍ മലയോര മേഖലകളിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
10. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നിവയാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കും.
11. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
|
|