കൊച്ചി: സംസ്ഥാന സീനിയർ ഫുട്‌ബാൾ ടൂർണമെന്റിൽ തൃശൂർ ചാമ്പ്യൻമാരായി. പനമ്പിള്ളിനഗർ സ്‌പോർട്‌സ് അക്കാഡമി ഗ്രൗണ്ടിൽ ഇന്നലെ നടന്ന ഫൈനലിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ കോട്ടയത്തെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് തൃശൂർ കിരീടം നേടിയത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും വല ചലിപ്പിക്കാനായില്ല.
65-ാം മിനിട്ടിൽ റോഷൻ വി. ജിജി തൃശൂരിനായി ലീഡ് നേടി. അഞ്ചു മിനിട്ടിന് ശേഷം ആന്റണി പൗലോസ് ലീഡുയർത്തിയതോടെ തൃശൂർ വിജയവുമുറപ്പിച്ചു. റോഷൻ തന്നെയാണ് ടൂണമെന്റിലെ മികച്ച താരം. രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലിൽ പാലക്കാടിനെ തോല്പിച്ച് ഇടുക്കി മൂന്നാം സ്ഥാനക്കാരായി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇടുക്കിയുടെ വിജയം. ദീപക് രാജാണ് വിജയ ഗോൾ നേടിയത്.