burj-khalifa

ദുബായ്: 18 വയസിന് താഴെയുള്ള കുട്ടികൾക്ക് യു.എ.ഇ സന്ദർശിക്കാനുള്ള വിസ സൗജന്യമെന്ന പ്രഖ്യാപനത്തെ തുടർന്ന് യു.എ.ഇയിലേക്ക് സഞ്ചാര പ്രവാഹമെന്ന് അധികൃതർ. രക്ഷിതാക്കൾക്കൊപ്പം യു.എ.ഇയിലേക്ക് എത്തുന്ന കുട്ടികൾക്ക് സൗജന്യമായി വിസ ലഭിക്കുന്നത് സെപ്തംബർ 15 വരെയാണ്. ഈ സൗകര്യം ലഭിച്ച ശേഷം കൂടുതൽ കുടുംബങ്ങൾ രാജ്യത്തേക്ക് എത്തുന്നുന്നുണ്ടെന്നും അധികൃതർ പറയുന്നു. ബലി പെരുനാൾ കൂടി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് യു.എ.ഇ സർക്കാർ കരുതുന്നത്.

എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്തംബർ 15 വരെ സർക്കാർ ഈ സൗകര്യം ലഭ്യമാക്കും. രാജ്യത്തേക്ക് എത്തുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കൾ ആരെങ്കിലും ഉണ്ടാകണം എന്നതാണ് സർക്കാർ വയ്ക്കുന്ന നിബന്ധന. ചൈനയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതൽ എത്തുന്നത് എന്നാണ് സർക്കാർ പറയുന്നത്. കഴിഞ്ഞ വർഷം മുതൽ ഈ വർഷം വരെ 28.5 ലക്ഷം സഞ്ചാരികൾ യു.എ.ഇ വഴി കടന്നുപോയെന്നാണ് സർക്കാർ പറയുന്നത്.

സർക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ച് വിവരം നൽകാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് സംവിധാനം ഏർപ്പെടുത്തിട്ടുണ്ട്. റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വകുപ്പിന്റെ ആമർ കസ്റ്റമർ സപ്പോർട്ട് സെന്ററുമായും ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8005111 (യുഎഇയിലുള്ളവർക്കുള്ള ടോൾഫ്രീ നമ്പർ), +97143139999 (പുറത്തുനിന്നുമുള്ളവർക്ക്). amer@dnrd.ae എന്ന ഇ മെയിൽ വിലാസം വഴിയും വിവരങ്ങൾ ലഭിക്കുന്നതാണ്.