തിരുവനന്തപുരം: കേസന്വേഷണത്തിന്റെ ബാലപാഠങ്ങൾ മറന്ന്, ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ ശേഖരിക്കുന്നത് വൈകിപ്പിച്ചതിനെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചതോടെ സിറ്റി പൊലീസ് നാണക്കേടിന്റെ പടുകുഴിയിലായി. രക്തസാമ്പിൾ ശേഖരിക്കുന്നതിന് തടസമെന്തായിരുന്നെന്നും ഇതിനുള്ള ന്യായീകരണം എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിക്കാനായതെന്ന പൊലീസിന്റെ തൊടുന്യായത്തെയും ഹൈക്കോടതി വിമർശിച്ചു. മ്യൂസിയം എസ്.ഐ മാത്രമാണോ തിരുവനന്തപുരത്ത് പൊലീസായുള്ളതെന്ന് കോടതി ചോദിച്ചു. ഗവർണർ അടക്കമുള്ള വി.വി.ഐ.പികൾ സഞ്ചരിക്കുന്ന റോഡിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കാത്തതിനെയും കോടതി വിമർശിച്ചു.
ബോധപൂർവം വരുത്തിയ പിഴവുകളിലൂടെ ശ്രീറാമിനെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അടിയാണ് ഹൈക്കോടതി വിമർശനം. കഴിഞ്ഞദിവസം തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയും പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമനെതിരായ പൊലീസ് നടപടികൾ പരാജയമെന്നാണ് കോടതി വിലയിരുത്തിയത്. മദ്യപിച്ചു, അമിതവേഗം എന്നിവയ്ക്കുള്ള തെളിവ് കോടതി ആവശ്യപ്പെട്ടപ്പോൾ പൊലീസ് കൈമലർത്തി. ശ്രീറാമിന് മദ്യഗന്ധമുണ്ടെന്ന് ദൃക്സാക്ഷി മൊഴികളുണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. രക്തപരിശോധന ഫലത്തിന്റെ പകർപ്പ് പോലും തുടക്കത്തിൽ ഹാജരാക്കിയിരുന്നില്ല. സാക്ഷിമൊഴി പകർപ്പ് ഹാജരാക്കിയപ്പോൾ മദ്യപിച്ചുവെന്ന് മൊഴിയിലൂടെ എങ്ങനെ തെളിയിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ചു എന്ന് തെളിയിക്കുന്നതിനുള്ള ഒരുരേഖയും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അപകടത്തിന് ശേഷം ശ്രീറാമിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്കു പോലും വിധേയനാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി. എന്നിട്ടും പത്ത് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് എങ്ങനെ ചുമത്തിയെന്ന് കോടതി ചോദിച്ചപ്പോൾ പൊലീസിന് മിണ്ടാട്ടം മുട്ടി. കേസ് ഡയറിക്കൊപ്പം ഹാജരാക്കിയ, രക്തപരിശോധനാഫലത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യമില്ലെന്നു കൂടിയായതോടെ ശ്രീറാമിന് ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണത്തിൽ പൊലീസ് വരുത്തിയ വീഴ്ചകൾ കേസിനെ ദുർബലമാക്കിയതാണ് കോടതിയിൽ കണ്ടത്.
അപകടത്തിന് മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയ മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശ്, ശ്രീറാമിന് മദ്യഗന്ധമുണ്ടായിരുന്നെന്ന് രേഖപ്പെടുത്തിയ കേസ് ഷീറ്റ് പിന്നീട് ഉന്നതർ ഇടപെട്ട് കീറിയെറിഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ കാമറയ്ക്ക് മുന്നിൽ ശ്രീറാം മദ്യപിച്ചിരുന്നെന്ന് വെളിപ്പെടുത്തിയതാണ് ജയപ്രകാശിന്റെ സസ്പെൻഷന് വഴിയൊരുക്കിയത്. ജനറലാശുപത്രിയിലെത്തിച്ച് ദേഹപരിശോധന നടത്തിയെങ്കിലും രക്തപരിശോധനയ്ക്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. ശ്രീറാമിന് മദ്യഗന്ധമുണ്ടായിരുന്നെന്ന് ജനറലാശുപത്രിയിലെ ഡോക്ടറും പൊലീസിന് കുറിപ്പ് നൽകിയിരുന്നു. ഇത് പിന്നീട് വെളിച്ചംകണ്ടില്ല. രക്തം നൽകാൻ ശ്രീറാം വിസമ്മതിച്ചതായും ആശുപത്രിയിലെത്തിയ ശ്രീറാമിന്റെ സുഹൃത്തുക്കൾ രക്തമെടുക്കുന്നത് തടഞ്ഞതായും പൊലീസ് പറയുന്നു. പിന്നീട് സ്വന്തംനിലയിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ശ്രീറാമിനെതിരെ 9 മണിക്കൂർ കഴിഞ്ഞ് കേസെടുത്ത ശേഷമാണ് പൊലീസ് രക്തസാമ്പിളെടുത്തത്. പൊലീസിന്റെ പിഴവുകൾ ഓരോന്നായി ചൂണ്ടിക്കാട്ടി ചാനലുകൾ വാർത്ത നൽകിയതോടെ, ഡി.ജി.പി ലോക്നാഥ് ബെഹ്റയെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു. ഡി.ജി.പി അഡി. കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിനെ വിളിച്ചപ്പോൾ ശനിയാഴ്ച രാവിലെ തന്നെ ശ്രീറാമിന്റെ രക്തം ശേഖരിച്ചെന്നായിരുന്നു മറുപടി. പൊലീസ് മേധാവിയെപ്പോലും ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ശ്രീറാമിന് മദ്യഗന്ധമുണ്ടായിരുന്നെന്ന് മ്യൂസിയം പൊലീസിന്റെ കേസ് ഷീറ്റിലും ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പിലുമുള്ള വിവരം റിമാൻഡ് റിപ്പോർട്ടിൽ നിന്ന് മറച്ചുവച്ച പൊലീസ്, ദേഹപരിശോധനയ്ക്കായി ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെന്ന വിവരവും കോടതിയെ അറിയിച്ചില്ല. അപകടസ്ഥലത്ത് പൊലീസ് എത്തിയ വിവരമോ ശ്രീറാമിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ വിവരമോ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്താതെ കള്ളക്കളി നടത്തി. ശ്രീറാം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നെന്ന് ആട്ടോഡ്രൈവർമാരായ ഷഫീഖ്, മണിക്കുട്ടൻ, ദൃക്സാക്ഷി ജോബി എന്നിവർ മൊഴിനൽകിയിട്ടും രക്തസാമ്പിളെടുക്കാൻ പൊലീസ് തയ്യാറായില്ല.