ഖജനാവിൽ നിന്ന് രണ്ടുകോടിയിലേറെ മുടക്കി സജ്ജമാക്കിയ കവടിയാർ ഗോൾഫ് ക്ലബിനു സമീപമുള്ള സിവിൽ സർവീസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആഡംബര പാർട്ടികളും ആഘോഷങ്ങളും. ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയായി നിർമാണം ആരംഭിച്ച കെട്ടിടമാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ. പിള്ളയുടെ കുടുംബാംഗങ്ങൾ സർക്കാരിനു വിട്ടുകൊടുത്ത, കവടിയാർ വിമെൻസ് ക്ലബിനു സമീപത്തെ വീട് മോടി പിടിപ്പിച്ചു 2015ൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാക്കിയപ്പോൾ ഇത് ഐ.എ.എസുകാർ കൈയടക്കി. ഐ.എ.എസുകാർക്ക് ഗസ്റ്റ്ഹൗസ് എന്ന രീതിയിലാണ് കെട്ടിടം കൈക്കലാക്കിയതെങ്കിലും പിന്നീട് ആഘോഷവേദിയാക്കി മാറ്റി. ഇ.പി. ജയരാജൻ രണ്ടാംവട്ടം മന്ത്രിയായപ്പോൾ ഈ കെട്ടിടം ഔദ്യോഗിക വസതിയായി ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും വിട്ടു കൊടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ജയരാജന് താമസിക്കാൻ വാടക വീടെടുത്തു. ഐ.എ.എസുകാർക്ക് താമസിക്കാൻ ദിവസങ്ങളോളം മുറികൾ വിട്ടുനൽകാറുണ്ട്. വിവിധ വകുപ്പ് സെക്രട്ടറിമാരടങ്ങിയതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി. ഇവിടെ നടന്ന പാർട്ടിക്കുശേഷമാണ് ശ്രീറാം വെങ്കിട്ടരാമൻ കാറോടിച്ച് അപകടത്തിൽപെട്ടത്.
കുറ്റക്കാരെ വിടില്ല:ഡി.ജി.പി ബെഹ്റ
രക്തസാമ്പിളെടുക്കാൻ വൈകിയതിലുണ്ടായ പിഴവ് അംഗീകരിക്കുന്നെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. രക്തമെടുക്കുന്നതിൽ വീഴ്ച വരുത്തിയ എസ്.ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രക്തം ശേഖരിച്ചതായി എവിടുന്നോ കിട്ടിയ വിവരമാണ് അഡി. കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ എന്നോട് പറഞ്ഞത്. പൊലീസിന്റെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുന്ന എ.ഡി.ജി.പി ദർവേഷ് സാഹിബിന്റെ പ്രത്യേകസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും. ഉദ്യോഗസ്ഥർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കണം. പിഴവുകൾ കണ്ടെത്തിയാൽ നടപടി ഉറപ്പാണ്.
െഎ.പി.സി 304 പോയാലും കേസ് ദുർബലമാവില്ല. കുറ്റം നിലനിൽക്കും. ഹൈക്കോടതിയുടെ വിമർശനത്തെക്കുറിച്ച് സ്റ്റേറ്റ് അറ്റോർണിയുമായി സംസാരിച്ചു. ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്.