തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുടിയൊഴിപ്പിക്കപ്പെട്ട യൂണിയൻ ഓഫീസ് വീണ്ടും ഇടിമുറിയാകുമോ... എന്ന സംശയത്തിന് ഇട നൽകുന്നതാണ് ക്ലാസ് മുറിയാക്കിയ ഇടിമുറിയിലെ ഒന്നാം വർഷ എം.എ ക്ലാസുകൾ അവിടെ നിന്ന് മാറ്റാനുള്ള കോളേജ് കൗൺസിൽ തീരുമാനം. കോളേജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറിയാക്കിയ യൂണിയൻ ഓഫീസിൽ നിന്ന് ക്ലാസുകൾ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ക്ലാസ് മാറ്റണമെന്ന ആവശ്യവുമായി ഏതാനും വിദ്യാർത്ഥികൾ ചൊവ്വാഴ്ച ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന് സമീപം പ്രതിഷേധിക്കുകയും ചെയ്തു. ഇവർക്ക് പിന്തുണയുമായി എസ്.എഫ്.ഐ യും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം പ്രിൻസിപ്പൽ സി.സി. ബാബുവിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത കോളേജ് കൗൺസിൽ യോഗമാണ് ഇടിമുറിയിലെ ക്ലാസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇംഗ്ലീഷ് വിഭാഗത്തിന്റെ നേരത്തേയുണ്ടായിരുന്ന മുറിയിലേക്ക് തന്നെ ക്ലാസുകൾ മാറ്റാനും മുറി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് നൽകാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.
എസ്.എഫ്.ഐയുടെ യൂണിറ്റ് ഓഫീസ് കൂടിയായാണ് കാമ്പസിലെ ഓപ്പൺ സ്റ്റേജിനു പിറകിലെ ഗ്രീൻ റൂം പ്രവർത്തിച്ചിരുന്നത്. പുതിയ കോളേജ് യൂണിയൻ നിലവിൽ വരുമ്പോഴേക്കും യൂണിയൻ ഓഫീസ് തിരിച്ചു പിടിക്കാനുള്ള എസ്.എഫ്.ഐ യുടെ ശ്രമമാണ് ക്ലാസ് മുറി മാറ്റണമെന്ന വിദ്യാർത്ഥികളുടെ പരാതിക്ക് പിറകിലെന്നും ആക്ഷേപമുയർന്നിരുന്നു. സ്റ്റേജിൽ പരിപാടികളും മറ്റ് പ്രാക്ടീസുകളും നടക്കുന്ന സന്ദർഭത്തിൽ പഠനത്തിന് തടസം നേരിടുന്നു, ഇവിടെ തന്നെ ക്ലാസുകൾ തുടരുമെന്ന അദ്ധ്യാപകരുടെ തീരുമാനം തങ്ങളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു, ഹാജർ നൽകുന്നില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്.