തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ മലിനജല സംസ്കരണത്തിനായി നിർമ്മാണം ആരംഭിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് അന്തിമഘട്ടത്തിലേക്ക്. നിർമ്മാണ പ്രവർത്തനങ്ങൾ ഒരുമാസത്തിനകം പൂർത്തിയാക്കി പ്ലാന്റ് ഓണത്തിന് നാടിന് സമർപ്പിക്കുന്നതോടെ കൊച്ചുവേളിയിലെ ജലദൗർലഭ്യത്തിനും മലിനജല സംസ്കരണത്തിനും പരിഹാരമാകും.
പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ ട്രെയിനുകൾ കഴുകി വൃത്തിയാക്കാനും ചെടികൾ നനയ്ക്കാനും വെള്ളത്തിന് വിഷമിക്കേണ്ടിവരില്ല. പ്രതിദിനം 90,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റിന്റെ നിർമ്മാണമാണ് പൂർത്തിയായി വരുന്നത്. കൊച്ചുവേളി റെയിൽവേ ഗേറ്റിന് സമീപമാണ് പ്ലാന്റ്. രണ്ട് വർഷത്തിനകം പ്രതിദിനം 5 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ കഴിയുംവിധത്തിൽ പ്ലാന്റ് വികസിപ്പിക്കും. പ്രതിവാര സർവീസുകൾ ഉൾപ്പെടെ ദിനംപ്രതി ശരാശരി എട്ട് ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യുന്ന കൊച്ചുവേളിയിൽ ഏതാണ്ട് അത്രയും തന്നെ ട്രെയിനുകൾ കഴുകി വൃത്തിയാക്കുകയും യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള വെള്ളം നിറയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രതിദിനം ഏതാണ്ട് രണ്ട് ലക്ഷം ലിറ്റർ വെള്ളം ഇതിനായി മാത്രം വേണം. സ്റ്റേഷൻ പ്രവർത്തനത്തിന് അരലക്ഷം ലിറ്റർ വേറെയും.
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കിണറ്റിൽ നിന്നുള്ള വെള്ളം ഇതിനെല്ലാം കൂടി തികയാത്ത സാഹചര്യത്തിൽ വാട്ടർ അതോറിട്ടിയിൽ നിന്ന് പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളം വില കൊടുത്തുവാങ്ങിയാണ് ഇപ്പോൾ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ട്രെയിൻ കഴുകുന്ന വെള്ളം സ്റ്റേഷന് സമീപത്ത് കൂടി ആക്കുളം കായലിലേക്ക് ഒഴുകുന്ന പാർവതി പുത്തനാറിലാണ് പതിക്കുന്നത്. ഗ്രീസും ഓയിലും വിസർജ്യങ്ങളും അടങ്ങിയ വെള്ളം കായൽ മലിനമാകാനും കാരണമായി.
ഈ സാഹചര്യങ്ങൾ പരിഗണിച്ചും കൊച്ചുവേളിയിൽ രണ്ടാം ടെർമിനൽ എന്ന ലക്ഷ്യം മുന്നിൽ കണ്ടുമാണ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിച്ചത്. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ നിലവിലെ ചെലവിനത്തിൽ പ്രതിദിനം അരലക്ഷം രൂപയും പുനരുപയോഗത്തിലൂടെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ലാഭിക്കാനും കഴിയും. 16 കോടിയാണ് പ്ളാന്റിന്റെ നിർമ്മാണ ചെലവ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വേനൽക്കാലത്തുൾപ്പെടെ കൊച്ചുവേളി സ്റ്റേഷൻ നേരിടുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും. തുടക്കത്തിൽ 90,000 ലിറ്റർ ശേഷിയുള്ള പ്ലാന്റ് പൂർണ തോതിൽ പ്രവർത്തിച്ചാൽ പ്രതിദിനം 5 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.