തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം വിചാരിച്ചതു പോലെ ശക്തിപ്പെട്ടില്ലെങ്കിലും നഗരത്തിൽ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ട. നഗരത്തിലെ ഏക കുടിവെള്ള സ്രോതസായ പേപ്പാറയിൽ നിലവിൽ 101.6 മീറ്റർ ജലമാണുള്ളത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 17ന് 108.99 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്. കാലവർഷം ശക്തമായില്ലെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതാണ് അനുഗ്രഹമായത്. ഇന്നലെ വരെ ഡാമിൽ 50 സെന്റിമീറ്റർ വെള്ളം ഒഴുകിയെത്തി. ഇപ്പോഴത്തെ നിലയിൽ 76 ദിവസം വിതരണം ചെയ്യാനുള്ള ജലം ഡാമിലുണ്ട്. ഇന്നലെ മഴ വീണ്ടും പെയ്തു തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ തുടരുമെന്നതിനാൽ തന്നെ ഡാമിൽ ഇനിയും ജലം ഒഴുകിയെത്തും. അങ്ങനെയെങ്കിൽ 76 ദിവസമെന്നത് കൂടിയേക്കാം.
അരുവിക്കര ഡാമിന്റെ അപ്പർ ഡാമായി പ്രവർത്തിക്കുന്ന പേപ്പാറയിൽ നിന്ന് പ്രതിദിനം അരുവിക്കരയിലേക്ക് 300 ദശലക്ഷം ലിറ്റർ ജലമാണ് എത്തുന്നത്. ഇതിൽ നിന്ന് 280 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിലെ കുടിവെള്ള വിതരണത്തിനായി എത്തിക്കുന്നത്. കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ അരുവിക്കരയിലെ 86, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളിൽ നിന്ന് 100 ലക്ഷം ലിറ്റർ ശുദ്ധജലം കൂടി നഗരത്തിൽ വിതരണം ചെയ്യുന്നുണ്ട്. വെള്ളയമ്പലത്തെ ബൂസ്റ്റർ പമ്പ് ഹൗസിൽ നിന്ന് 30 ലക്ഷം ലിറ്റർ അധിക ജലവും പമ്പ് ചെയ്യുന്നുണ്ട്. നിലവിൽ പേപ്പാറ ഡാമിന്റെ 700 ഹെക്ടർ വൃഷ്ടിപ്രദേശത്ത് വെള്ളം നിറഞ്ഞുനിൽക്കുന്നുണ്ട്. 86 ചതുരശ്ര കിലോമീറ്ററാണ് പേപ്പാറ ഡാമിന്റെ സംഭരണപ്രദേശം.
കഴിഞ്ഞ മൺസൂണിന് 104.5 മീറ്ററിലാണ് പേപ്പാറയിൽ ജലം സംഭരിച്ചത്. പേപ്പാറ ഡാമിന്റെ പരമാവധി സംഭരണശേഷിയായ 110.5 മീറ്ററിൽ ജലം ഇതുവരെ സംഭരിച്ചിട്ടില്ല. 107.5 മീറ്ററിലാണ് ഷട്ടറുകൾ സ്ഥിതി ചെയ്യുന്നത്. അതിന് മുകളിൽ ജലമെത്തിയാൽ ഷട്ടർ തുറന്ന് അരുവിക്കര ഡാമിലേക്ക് ജലമൊഴുക്കും. അടുത്തിടെ വെള്ളം കൂടുതലായി ഒഴുകിയെത്തുകയും ജലനിരപ്പ് 55 മീറ്ററിലെത്തുകയും ചെയ്തതിനാൽ അരുവിക്കരയിലെ ആറ് ഷട്ടറുകളും 85 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. ഇപ്പോൾ 49 മീറ്ററാണ് അരുവിക്കരയിലെ ജലനിരപ്പ്. സാധാരണ 40 - 46 മീറ്ററിലാണ് അരുവിക്കരയിൽ ജലം ശേഖരിക്കുന്നത്. ഷട്ടറുകൾ തുറന്നിട്ടും അരുവിക്കരയിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. പൊതുവേ ഓണക്കാലത്ത് മഴ ലഭിക്കുമെന്നുള്ളതിനാൽ കുടിവെള്ള ക്ഷാമം ഉണ്ടാകില്ലെന്നാണ് സൂചന.