മലയാളികളുടെ പ്രിയ താരം മീന വെബ് സിരീസിൽ അഭിനയിക്കുന്നു. കരോളിൻ കാമാക്ഷി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണിത്. വിവേക് കുമാർ കണ്ണനാണ് സംവിധായകൻ. ചാരവനിതകളായ കരോളിന്റെയും കാമാക്ഷിയുടെയും കഥയാണ് ചിത്രം പറയുന്നത്.
കരോളിന്റെ വേഷത്തിലെത്തുന്നത് പ്രശസ്ത ഇറ്റാലിയൻ മോഡലായ ജോർജിയ ആൻഡ്രിയാനി ആണ്. സി.ബി .ഐ യിൽ ജോലിചെയ്യുന്ന കാമാക്ഷി എന്ന തമിഴ് ബ്രാഹ്മണ സ്ത്രീ ആയിട്ടാണ് മീന എത്തുന്നത്. തമിഴിലെ സീ 5 ചാനലിന് വേണ്ടിയാണ് വെബ് സിരീസ് ഒരുങ്ങുന്നത്. ഫ്രാൻസിൽ നിന്ന് അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തുന്ന കരോളിന് മേലുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം പെട്ടെന്നൊരു കേസ് ഏറ്റെടുക്കേണ്ടി വരുന്നു. തുടർന്ന് കാമാക്ഷിയും കരോളിനും ഒരേ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്നു.
അതേ സമയം മമ്മൂട്ടി നായകനാകുന്ന ഷൈലോക്കിലും മീനയാണ് നായിക. തമിഴ് താരം രാജ് കിരണിന്റെ ജോടിയായാണ് മീന ചിത്രത്തിൽ എത്തുന്നത്. മീനയെ തമിഴിൽ നായികയായി അവതരിപ്പിച്ചത് രാജ് കിരണാണ്. രാജ്കിരൺ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച എൻ രാസാവിൻ മനസിലെ തമിഴകത്ത് തകർപ്പൻ വിജയം നേടിയ ചിത്രമാണ്. മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലാണ് മീന മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്.