നടൻ ബാബുരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബ്ളാക്ക് കോഫിയിലെ രണ്ട് ഗാനരംഗങ്ങൾ സിംഗപ്പൂരിൽ ചിത്രീകരിക്കുന്നു. എറണാകുളത്താണ് ചിത്രത്തിന്റെ മറ്റുരംഗങ്ങൾ ചിത്രീകരിച്ചത്. ഗാനചിത്രീകരണത്തിനായി ബാബുരാജും സംഘവും അടുത്തയാഴ്ച സിംഗപ്പൂരിലേക്ക് തിരിക്കും. ഒാവിയ നായികയാകുന്ന ചിത്രത്തിൽ സണ്ണി വയ്ൻ, ബാബുരാജ്, ശ്വേതാ മേനോൻ, ലെന, രചന നാരായണൻകുട്ടി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. മോഡലും നടിയുമായ ഒാർമബോസിന്റേതാണ് ചിത്രത്തിന്റെ കഥ. ഒാർമയും ബ്ളാക്ക് കോഫിയിൽ ഒരു പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആഷിക് അബുവിന്റെ സൂപ്പർഹിറ്റായ സോൾട്ട് ആൻഡ് പെപ്പറിന്റെ തുടർച്ചയായാണ് ബാബുരാജ് ബ്ളാക്ക് കോഫി ഒരുക്കുന്നത്. ചിത്രത്തിൽ താൻ അവതരിപ്പിച്ച കുക്ക് ബാബു സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു ഫ്ളാറ്റിൽ ചെന്ന് പെടുന്നതിനെത്തുടർന്നുണ്ടാകുന്ന രസരകരമായ സംഭവങ്ങളാണ് ബ്ളാക്ക് കോഫിയിലൂടെ ബാബുരാജ് അവതരിപ്പിക്കുന്നത്.വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിക്കുന്നത് ബിജിബാലാണ്.