കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രാഫഷണൽ കോളേജുകളും അംഗനവാടികളും ഉൾപ്പെടെയാണ് അവധി. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഏഴ് ജില്ലകൾക്കാണ് മുഴുവൻ അവധിയുള്ളത്. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. അതേസമയം, സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല.
കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം ഉണ്ടായി. നിരവധി വീടുകൾ മരം വീണ് തകർന്നു. വാഹനങ്ങൾക്കും കേടുപറ്റി. ജില്ലയിൽ ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറി. കൊടിയത്തൂർ, മുക്കം, കാരശേരി, മാവൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.