തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തു. പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അട്ടപ്പാടിയിൽ വീടിനുമുകളിലേക്ക് മരം വീണ് ഒരു സ്ത്രീ മരിച്ചു. വയനാട് കാക്കത്തോട് പനമരത്തിൽ പ്രളയത്തിൽ മുങ്ങിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണുമരിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും നിരവധി വീടുകൾ തകർന്നു.രണ്ടായിരത്തിലധികം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ചിലയിടങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വടക്കൻ കേരളത്തിലെ മലയോര പ്രദേശങ്ങളിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലമ്പൂർ ടൗണിലെ പ്രധാന റോഡ് രണ്ടാൾ പൊക്കത്തിൽ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും വൻമരങ്ങൾ കടപുഴകി ഗതാഗത, വൈദ്യുത വിതരണം തടസപ്പെട്ടിട്ടുണ്ട്. മഴയും കാറ്റും തുടരുന്നതിനാൽ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തലസ്ഥാനത്തും മഴ
തലസ്ഥാനജില്ലയിൽ മഴ തുടരുകയാണ്. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടങ്ങളാണ് ഉണ്ടായത്. പലയിടങ്ങളിലും തകരാറിലായ വൈദ്യുതബന്ധം പുന:സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടുമണിക്കൂറോളം നീണ്ട ശക്തമായ കാറ്റിൽ ഇരുപത്തെട്ടിടങ്ങളിലാണ് മരങ്ങളും വൈദ്യുതപോസ്റ്റുകളും കടപുഴകിയിത്. പലയിടങ്ങളിലും ട്രാൻസ് ഫോർമറുകൾ പൊട്ടിത്തെറിച്ചു. മരങ്ങൾ വീണ് നിരവധി വീടുകളും വാഹനങ്ങളും തകർന്നു. ഇന്നുരാവിലെ എസ്.എ.ടി. ആശുപത്രിയിൽ മരം വീണ് ജീവനക്കാരന് ഗുരുതരപരിക്ക്.
കൊട്ടിയൂരിൽ ഉരുൾപൊട്ടൽ
കണ്ണൂർ: ഇന്നലെ രാത്രിയും പുലർച്ചെയുമായി പെയ്ത ശക്തമായ മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കൊട്ടിയൂരിൽ ചുഴലിക്കാറ്റ് വീശി. ഈ മേഖലയിൽ ഉരുൾപൊട്ടി. ഇരിട്ടി, ശ്രീകണ്ഠപുരം നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. ഇരിട്ടി മേഖലയിൽ 200 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കനത്ത മഴയോടൊപ്പം ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ മലവെള്ള പാച്ചിലിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
മഴ തുടരുന്നതിനാൽ പല സ്ഥലങ്ങളിലും ഉരുൾപൊട്ടുമെന്ന ആശങ്കയിൽ കുടുംബങ്ങൾ മാറിപോവുകയാണ്.
ശ്രീകണ്ഠപുരം മേഖലയിൽ 200 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ചെങ്ങളായിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 70 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെങ്ങളായി തവറൂലിൽ പുഴ ഗതിമാറിയൊഴുകി.
മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു
കൊച്ചി: ജില്ലയിൽ മഴ ശക്തമാകുന്നതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെയോടെ രണ്ടു ഷട്ടറുകളാണു തുറന്നത്. ഭൂതത്താൻ കെട്ട് ഡാമിന്റെ പരിസരത്ത് കനത്തമഴ പെയ്യുന്നതിനാൽ ഏറെ വൈകാതെ ഡാമിന്റെ ഷട്ടറുകൾ തുറക്കും. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരിക്കുകയാണ്. നഗരത്തിലെമ്പാടും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് ആലുവ മണപ്പുറം ശിവക്ഷേത്രത്തിൽ വെള്ളം കയറി.
ഇടുക്കിയിൽ റെഡ് അലർട്ട്
മഴ കനത്തതിനെത്തുടർന്ന് ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്നലെ സന്ധ്യക്ക് ആരംഭിച്ച ശക്തമായ മഴ തുടരുകയാണ്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് നിരവധി വീടുകൾക്ക് തകർന്നു.
വണ്ടിപ്പെരിയാറിൽ റോഡിൽ വെള്ളം കയറിയതോടെ കോട്ടയം-കുമളി ദേശീയ പാതയിൽ ഗതാഗതം താത്കാലികമായി നിർത്തിവച്ചു. ഈ ഭാഗത്ത് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. മീനച്ചിലാറിലും പമ്പയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ഇതോടെ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. ഡാമുകളിൽ വെള്ളം നിറഞ്ഞതോടെ കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷർട്ടറുകൾ ഇന്ന് രാവിലെ തുറന്നു. ഇതോടെ പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
മൂന്നാർ-മറയൂർ റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഈ റൂട്ടിലുള്ള വാഹനഗതാഗതം ഭാഗികമായി നിലച്ചു. രാജക്കാട്-അടിമാലി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇതോടെ ഈ റൂട്ടിലും ഗതാഗതം സ്തംഭിച്ചിരിക്കയാണ്. വണ്ടിപ്പെരിയാറിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.കുമരകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
വയനാട്ടിൽ മണ്ണിടിച്ചിൽ
വയനാട്ടിൽ കാലവർഷ ദുരന്തം തുടരുന്നു. തുടർച്ചയായി പെയ്യുന്ന മഴ താഴ്ന്ന പ്രദേശങ്ങളെ മുഴുവനും വെള്ളത്തിനടിയിലാക്കി. ഈ മഴക്കാലത്തെ ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് വയനാട്ടിൽ പെയ്യുന്നത്. പലസ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ 6 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. 399 പേരെ ഇവിടേക്ക് മാറ്റി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
കേരളതീരത്ത് കടലിൽ ശക്തമായ തിരമാല ഉണ്ടാവുമെന്നതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു മുതൽ മൂന്നര മീറ്രർവരെ ഉയരത്തിലുള്ള തിരമാലകൾ നാളെ രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെ തീരത്തുണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്. തെക്ക് പടിഞ്ഞാറൻ ഭാഗത്ത് നിന്ന് 40 മുതൽ 50 വരെ കിലോ മീറ്റർ വേഗതയിൽ കാറ്രുണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇടിയും മിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴ എട്ടുമുതൽ 11ാം തീയതി വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയപ്പുണ്ട്. 12-ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.