nishad-hassan

തൃശൂർ: കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധായകൻ നിഷാദ് ഹസനെ തൃശൂർ കൊടകരയിൽ നിന്ന് കണ്ടെത്തി. നിഷാദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിലെ നിജസ്ഥിതി പൊലീസ് അന്വേഷിക്കുകയാണ്. നിഷാദ് ഹസനോട് രാവിലെ 10 മണിയ്ക്ക് പേരാമംഗലം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.

തൃശൂർ പാവറട്ടിയിൽ വച്ചാണ് നിഷാദ് ഹസനെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയത്. മുഖം മൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസൻ. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്ക് മർദ്ദനമേറ്റു. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്‌തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഗുരുവായൂർക്ക് പോവുമ്പോഴായിരുന്നു ആക്രമണം. നിഷാദും ഭാര്യയും, പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്.