''എന്താ വഴി?"
ചന്ദ്രകലയുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ല പ്രജീഷ്. പകരം സ്റ്റോർ റൂമിന്റെ ഭാഗത്തേക്ക് ഓടി.
അവിടെ പഴയ പണിയായുധങ്ങൾ ഇരിപ്പുണ്ടായിരുന്നു.
പ്രജീഷ് ഒരു തൂമ്പയും കൂന്താലിയും എടുത്തുകൊണ്ടുവന്നു.
പിന്നെ നടുമുറ്റത്തേക്കിറങ്ങി. അവിടെ കിളയ്ക്കാൻ തുടങ്ങി.
''ഇയാളെ ഇവിടെ കുഴിച്ചിടാനോ?" ചന്ദ്രകലയുടെ കണ്ണു തള്ളി.
''അല്ലാതെ എന്തുചെയ്യും? പുറത്തേക്കു കൊണ്ടുപോകാൻ കഴിയുകയുമില്ല...."
മണ്ണ് കിളച്ചെടുക്കുന്നതിനിടയിൽ പ്രജീഷ് പറഞ്ഞു.
''ഇയാൾ മരിച്ചിട്ടു കൂടിയില്ല..."
ചന്ദ്രകലയ്ക്കു വല്ലായ്മ വന്നു.
''മരിക്കുന്നതു വരെ കാത്തിരുന്നാൽ നേരം പുലരും. മാത്രമല്ല പരുന്ത് റഷീദ് മടങ്ങിവന്നാൽ കഥ മാറും. നമ്മളാണ് ഇവനെ കത്തിച്ചതെന്നു പോലും അയാൾ കരുതും. വെറുതെ നമ്മൾ ഇരുമ്പഴിയെണ്ണണോ?"
ചന്ദ്രകല മിണ്ടിയില്ല. അവൾ പെട്ടെന്ന് അവിടെനിന്നു മാറി.
ആറടി നീളത്തിൽ ഒന്നരയടി വീതിയിൽ ഒരു കുഴിയുണ്ടാക്കി പ്രജീഷ്.
അയാൾ വിയർപ്പിൽ കുളിച്ചു.
അണലി അക്‌ബർ പുളയുകയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഞരങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ഒന്നും ശ്രദ്ധിച്ചില്ല പ്രജീഷ്.
എത്രയും വേഗം ജോലി അവസാനിപ്പിക്കുക എന്നൊരു ലക്ഷ്യമേ അയാൾക്ക് ഉണ്ടായിരുന്നുള്ളു.
കുഴിയുടെ പണി തീർന്നതോടെ പ്രജീഷ് നിവർന്നു.
നെറ്റിയിലെ വിയർപ്പ് വിരലുകൾ കൊണ്ട് വടിച്ചുകളഞ്ഞു.
''അണലീ. രക്ഷപ്പെടാൻ ഞങ്ങൾക്ക് ഇതല്ലാതെ വേറെ മാർഗ്ഗമില്ല. നീയങ്ങ് ക്ഷമിച്ചേര്.." പറഞ്ഞുകൊണ്ട് അയാൾ തൂമ്പ നീട്ടി.
അതുകൊണ്ട് അണലിയെ വലിച്ചു കുഴിയിലേക്കിട്ടു.
''അയ്യോ..." അണലി ഒന്നു നിലവിളിച്ചു.
''സാറേ... ഇച്ചിരി വെള്ളം തരാമോ?"
അയാൾ ഒന്നുകൂടി ഞരങ്ങി.
''പിന്നേ... മണ്ണിനടിയിലേക്ക് പോകുന്നവന് എന്തിനാടാ വെള്ളം?"
പ്രജീഷ് മണ്ണു നീക്കിയിട്ടു തുടങ്ങി. അണലിയുടെ പിടച്ചിൽ ക്രമേണ അമർന്നു...
കുഴിയിൽ ബോഡിയുള്ളതിനാൽ കുറച്ചു മണ്ണ് അധികം വന്നു. അത് കൂനയായി നടുമുറ്റത്തു കിടന്നാൽ ആരെങ്കിലും സംശയിക്കും.
പ്രജീഷ് അത് നടുമുറ്റത്ത് എല്ലായിടത്തുമായി വിതറി.
ഒരിക്കൽകൂടി എല്ലാം പരിശോധിച്ചു തൃപ്തിപ്പെട്ടു. പിന്നെ പണിയായുധങ്ങൾ കഴുകി പഴയ സ്ഥാനത്തു കൊണ്ടുവച്ചു.
തുടർന്ന് അയാളും കുളിച്ചിട്ട് ചന്ദ്രകലയ്ക്കരുകിലെത്തി.
അപ്പോൾ സമയം പുലർച്ചെ അഞ്ചുമണിയായിരുന്നു.
''ആർക്കും സംശയം തോന്നത്തില്ലായിരിക്കും. അല്ലേ പ്രജീഷേ?" ചന്ദ്രകലയുടെ പരിഭ്രമം അടങ്ങിയില്ല.
''അക്കാര്യത്തിൽ പേടി വേണ്ടാ. നമ്മുടെ നാവിൽ നിന്ന് അബദ്ധത്തിൽ പോലും ഒരു സൂചനയും ഉണ്ടാകാതിരുന്നാൽ മതി. നാളെ പരുന്ത് വരുമ്പോൾ, അണലി രാവിലെ തന്നെ എവിടേക്കോ പോയി എന്നുമാത്രം പറയുക."
പ്രജീഷ് കിടക്കയിലേക്കു ചാഞ്ഞു.
''എന്നാലും... ആരായിരിക്കും അയാളെ കത്തിച്ചത്?" ആ ഒരു സംശയത്തിന് പ്രജീഷിനു വ്യക്തമായ ഉത്തരം കിട്ടിയില്ല.
''അത് അവളുടെ പ്രേതം തന്നെയാ. പാഞ്ചാലിയുടെ.... അവളെയും കത്തിച്ചല്ലേ കൊന്നത്? അതിന്റെ പ്രതികാരം..."
ചന്ദ്രകല അങ്ങനെതന്നെ വിശ്വസിച്ചു.
പിറ്റേന്ന് പരുന്ത് റഷീദ് വന്നപ്പോൾ ഉച്ചയായി.
''അണലിയെന്തിയേ.... ഞാൻ പലതവണ വിളിച്ചിട്ടും അവൻ ഫോണെടുത്തില്ല..."
പരുന്ത്, പ്രജീഷിനെയും ചന്ദ്രകലയെയും നോക്കി.
''റഷീദിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നു പറഞ്ഞ് രാവിലെ പോയല്ലോ.. ഏതോ അത്യാവശ്യ കാര്യം ഉണ്ട് പോലും."
മറുപടി നൽകിയത് ചന്ദ്രകലയാണ്. പ്രജീഷ് പെട്ടെന്നു വിഷയം മാറ്റി.
''ചുങ്കത്തറ വേലായുധ പണിക്കർ ഇന്നു വരുമല്ലോ അല്ലേ?"
'വരും. പുള്ളിക്കാരൻ ഒരു വണ്ടി വിളിച്ച് നേരെ ഇങ്ങോട്ടു വന്നോളാമെന്നാ പറഞ്ഞിരിക്കുന്നത്. വേണ്ട സാധനങ്ങളും വാങ്ങിക്കൊണ്ട്."
പരുന്ത് റഷീദ് അവിടെത്തന്നെ ഇരുന്നു. ഇടയ്ക്കിടെ അയാൾ അണലിക്കു കാൾ അയച്ചുകൊണ്ടിരുന്നു. പക്ഷേ സ്വിച്ചോഫ് എന്ന മറുപടി മാത്രം!
''അവൻ ഒറ്റയ്ക്ക് എന്തെങ്കിലും 'കോള്" ഒപ്പിച്ചുകാണും. ഇങ്ങ് വരട്ടെ..."
പരുന്ത് പിറുപിറുത്തു.
ആ സമയം തങ്ങളങ്ങാടിയിൽ....
തന്റെ വീട്ടിലുണ്ടായിരുന്നു സി.ഐ അലിയാർ.
അയാൾക്ക് നല്ല മാറ്റമുണ്ട്.
കഴിഞ്ഞ കാര്യങ്ങളൊക്കെ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്.
ഇനി സർവ്വീസിൽ തിരികെ പ്രവേശിച്ചാലോ എന്നാണു ചിന്ത.
പക്ഷേ ഭാര്യയും ഉമ്മയും സമ്മതിച്ചില്ല.
''കുറച്ചുദിവസം കൂടി റസ്റ്റെടുത്തിട്ടു മതി. " ഉമ്മ തീർത്തു പറഞ്ഞു.
ബാപ്പയുടെ മരണ ശേഷം ഉമ്മയുടെ വാക്കുകളെ ഒരിക്കലും ധിക്കരിച്ചിരുന്നില്ല അലിയാർ.
അനന്തഭദ്രന്റെ മരണത്തെക്കുറിച്ചൊക്കെ അയാൾ അറിഞ്ഞിരുന്നു.
ആരെ സ്വാധിനിച്ചിട്ടായാലും നിലമ്പൂർ സ്റ്റേഷനിൽത്തന്നെ തിരികെ ജോയിൻ ചെയ്യണം എന്നാണ് അലിയാരുടെ തീരുമാനം.
നേരം സന്ധ്യയോടടുത്തു.
ഗേറ്റു കടന്ന് പോലീസിന്റെ ഒരു ഇന്നോവ കാർ മുറ്റത്തെത്തി.
പൂമുഖത്തിരുന്ന അലിയാർ തലയുയർത്തി നോക്കി.
കാറിൽ നിന്ന് എസ്.പി ഷാജഹാൻ ഇറങ്ങി...
(തുടരും)