airindia

ഇസ്ലാമാബാദ് / ന്യൂഡൽഹി : ഭരണഘടനയിൽ ജമ്മു കാശ്മീരിന് നൽകിയിരുന്ന പ്രത്യേക അധികാരങ്ങൾ പിൻവലിച്ച നടപടിക്കു പിന്നാലെ ഇന്ത്യയുമായുള്ള വ്യോമപാത ഭാഗികമായി അടച്ച് പാക് പ്രതികാരം. പാകിസ്ഥാനിലൂടെയുള്ള വ്യോമപാതകളിൽ പതിനൊന്ന് റൂട്ടുകളിലാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പാകിസ്ഥാൻ വിലക്കേർപ്പെടുത്തിയത്. കാശ്മീരിൽ ഇന്ത്യ ഏകപക്ഷീയമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്നാരോപിച്ച് നയതന്ത്ര തലത്തിലുള്ള ബന്ധങ്ങൾക്ക് പാകിസ്ഥാൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയെ പുറത്താക്കിയ പാകിസ്ഥാൻ അവരുടെ ഇന്ത്യയിലെ പ്രതിനിധിയെ പിൻവലിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള വ്യാപാരബന്ധവും പാകിസ്ഥാൻ നിർത്തുവാൻ തീരുമാനിച്ചിരുന്നു. ഇതിനുപുറമേയാണ് വ്യോമപാതകളിലും ഭാഗീകമായി നിരോധനം ഏർപ്പെടുത്തിയത്.

വ്യോമപാതകളിൽ പാകിസ്ഥാൻ ഏർപ്പെടുത്തിയ നിരോധനം സർവ്വീസുകളെ ബാധിക്കില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. പാക് നടപടി കാരണം വിമാനങ്ങൾ വഴിതിരിച്ചു വിടുമെന്നും അതിനാൽ പന്ത്രണ്ട് മിനിട്ടോളം അധികം സഞ്ചരിക്കേണ്ടി വരുമെന്നും എയർഎന്ത്യ വ്യക്തമാക്കി. ബാലക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന് പിന്നാലെയും പാകിസ്ഥാൻ വ്യോമപാതയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മാസങ്ങൾ നീണ്ട നിരോധനം കഴിഞ്ഞ മാസമായിരുന്നു നീക്കിയത്. വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതിലൂടെ കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികൾക്കുണ്ടായത്. യൂറോപ്പ്, യു.എസ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് അൻപതോളം സർവ്വീസുകളാണ് എയർ ഇന്ത്യ ഓപ്പറേറ്റ് ചെയ്യുന്നത്.