heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. വടക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടലിനും അപകടങ്ങൾക്കും സാദ്ധ്യതയുള്ളതിനാൽ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. ദുരന്ത നിവാരണ അതോറിറ്റികൾ, കെ.എസ്.ഇ.ബി അധികൃതർ, മറ്റ് മന്ത്രിമാരടക്കം യോഗത്തിൽ പങ്കെടുക്കും.

കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാർ എന്നിവ പലയിടത്തും കര കവിഞ്ഞു. ഉരുൾപൊട്ടൽ മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുൾപൊട്ടി. കണ്ണൂർ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. കനത്ത മഴയെ തുടർന്ന് പുഴകളിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവിൽ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. കൊട്ടിയൂർ - ചപ്പമല, അടക്കാത്തോട് എന്നിവങ്ങളിൽ ഉരുൾപൊട്ടലും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി.

കൊട്ടിയൂർ - കരിമ്പിൻ കണ്ടത്തിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചപ്പമല ഉരുൾപൊട്ടലിനെ തുടർന്ന് നീണ്ടു നോക്കി ടൗണിലെ കടകളിൽ വെള്ളം കയറി. കണിച്ചാർ ടൗണിലും വെള്ളം കയറി. മണ്ണിടിഞ്ഞ് പാൽച്ചുരം റോഡിൽ ഗതാഗതം നിലച്ചു. മാനന്തവാടി- നിടുമ്പൊയിൽ റോഡിലും മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായി. ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. മൂന്നാറിൽ വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ മുങ്ങി. ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളിൽ വെള്ളം കയറിയ സ്ഥിതിയിലാണ്. പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

കനത്ത മഴയെ തുടർന്ന് വയനാട്ടിലും വ്യാപകനാശനഷ്ടം ഉണ്ടായി. വയനാട് മേപ്പാടി പുത്തുമലയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കൽപറ്റ പുത്തൂർ വയലിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദ് ചെയ്തു.