വാഷിംഗ്‌ടൺ: കാശ്മീർ വിഷയത്തിൽ അക്രമകരമായി ഇന്ത്യയോട് പ്രതികരിക്കരുതെന്ന് പാകിസ്ഥാനെ ഉപദേശിച്ച് അമേരിക്ക. പാകിസ്ഥാൻ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് എതിരെ പ്രത്യക്ഷമായി തന്നെ ഇന്ത്യ നടപടി എടുക്കണമെന്നും അവരെ അമർച്ച ചെയ്യണമെന്നും അമേരിക്ക പറഞ്ഞു. നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കരുതെന്നും പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയുടെ ഡെമോക്രാറ്റിക് പാർട്ടിയിൽ പെട്ട സെനറ്റർമാറാണ് ഈ വിഷയത്തിലുള്ള തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.
ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലെ സെനറ്റർ റോബർട്ട് മെനെൻഡെസും കോൺഗ്രസ്മാൻ എലിയട്ട് എൻഗെലുമാണ് സംയുക്തമായി ഇത്തരത്തിൽ പാകിസ്ഥാനെ ഉപദേശിച്ചത്. കാശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും രണ്ടുപേരും ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ, തുല്യാവകാശങ്ങളെ കുറിച്ചും, എല്ലാവർക്കും തുല്യത നൽകുന്ന നിയമങ്ങളെ കുറിച്ചും ജനങ്ങൾക്ക് നല്ല കാഴ്ചപാട് നൽകേണ്ട കടമ ഇന്ത്യയ്ക്കുണ്ടെന്നും ഇവർ പറഞ്ഞു.
ആളുകൾ സംഘം ചേരുന്നതിലും, വിവരങ്ങളും വാർത്തകളും അറിയുന്നതിലും ഇന്ത്യ വിലങ്ങുതടികൾ സൃഷ്ടിക്കരുതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. സുതാര്യതയും രാഷ്ട്രീയ പങ്കാളിത്തവുമാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ ലക്ഷണമെന്നും കാശ്മീർ വിഷയത്തിൽ ഇക്കാര്യം ഇന്ത്യ മനസിൽ വയ്ക്കും എന്നാണ് തങ്ങൾ വിചാരിക്കുന്നതെന്നും ഈ അമേരിക്കൻ പ്രതിനിധികൾ ഇന്ത്യയെ അറിയിച്ചു.