-mufti

ശ്രീനഗർ: എം.പിമാരോട് രാജ്യസഭയിൽ നിന്ന് രാജിവയ്‌ക്കാൻ ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ഒന്നുകിൽ രാജിവയ്ക്കൂ അല്ലെങ്കിൽ ബഹിഷ്‌കരണം എന്നാണ് മെഹ്ബൂബ മുഫ്തി എം.പിമാരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. വീട്ടുതടങ്കലിൽ കഴിയവെയാണ് അവർ എം.പിമാർക്ക് സന്ദേശം കൈമാറിയത്.

അതേസമയം,​ രാജിക്കാര്യം തങ്ങൾ ആലോചിക്കുന്നുണ്ടെന്നും എന്നാൽ​ പി.ഡി.പി നേതൃത്വത്തിൽ നിന്നും കൃത്യമായ നിർദേശം ലഭിക്കേണ്ടതുണ്ടെന്നുമാണ് എം.പി ഫയാസ് പ്രതികരിച്ചത്. വാർത്താവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചതുകൊണ്ട് തന്നെ ആരുമായും ആശയവിനിമയം സാദ്ധ്യമായിട്ടില്ലെന്നും പ്രത്യേക യോഗം ചേർന്ന ശേഷം കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിൽ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്നത് എന്താണെന്ന് ജനങ്ങൾക്ക് അറിയില്ലെന്നും ജനങ്ങൾക്കിടയിൽ നടക്കുന്നത് ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നും എം.പിമാർ പറഞ്ഞിരുന്നു.

അതേസമയം,​ ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണം എന്നും ഹർജിയിൽ ആവശ്യമുണ്ട്. തഹ്സീൻ പൂനവാല ആണ് പൊതുതാല്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യു പിൻവലിക്കണം, ഇന്റെർനെറ്റും ഫോണിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളയണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർജി. വീട്ടുതടങ്കലിലാക്കിയിരിക്കുന്ന നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.