തിരുവനന്തപുരം : സ്വത്ത് കൈക്കലാക്കാനായി ജേഷ്ഠനെ കൊലപ്പെടുത്താൻ ശ്രമിച്ച അനുജൻ പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ജ്യോതികുമാറി കൊലപ്പെടുത്താനായി അനുജൻ ജ്യോതിനാഥ് ക്വട്ടേഷൻ സംഘവുമായി കരാറിൽ ഏർപ്പെടുകയായിരുന്നു. ജേഷ്ഠനെ കൊലപ്പെടുത്താൻ ഇരുപത് ലക്ഷം രൂപയാണ് ഇയാൾ വാഗ്ദ്ദാനം ചെയ്തത്. ഇതിൻപ്രകാരം തിരുവനന്തപുരം കരകുളം സ്വദേശിയായ ശങ്കർ, ജ്യോതീന്ദ്രൻ,അരുവിക്കര സ്വദേശികളായ രതീഷ്, മോഹൻസതി, മണക്കാട് സ്വദേശി ജോജെ , തിരുവല്ലം സ്വദേശി അനിൽ എന്നിവർ ചേർന്ന് അഭിഭാഷകനെ വഞ്ചിയൂരുള്ള ഓഫീസിൽ നിന്നും തട്ടിക്കൊണ്ടു പോവുകയായിരുന്നു. മർദ്ദിച്ച് അവശനാക്കി അതിർത്തി പ്രദേശത്തെ കൊക്കയിൽ കൊണ്ടിടുവാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകനെ ക്രൂരമായി മർദ്ദിച്ച സംഘം പണവും മൊബൈലും വാഹനവും കൈക്കലാക്കിയ ശേഷം ആര്യങ്കാവ് ചെക്‌പോസ്റ്റിന് അടുത്തുള്ള കൊക്കയിൽ ജ്യോതികുമാറിനെ തള്ളിയിടുകയായിരുന്നു. വഞ്ചിയൂർ പൊലീസാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.