ഗുരുഗ്രാം: അഞ്ച് പേരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി വീട്ടിലേക്ക് ലിഫ്റ്റ് ചോദിച്ചപ്പോൾ വീണ്ടും പീഡിപ്പിക്കപ്പെട്ടു. ഹരിയാനയിലെ പുൻഹാന എന്ന സ്ഥലത്ത് ജൂലൈ 30നാണ് സംഭവം നടന്നത്. തങ്ങൾ താമസിക്കുന്ന പ്രദേശത്ത് തന്നെയുള്ള അഞ്ച് യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കാണിച്ചുകൊണ്ട് കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. സി.ആർ.പി.സി സെക്‌ഷൻ 164 അനുസരിച്ച് പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കുറ്റകൃത്യം നടത്തിയവരിൽ ഒരാൾ പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളാണ് പെൺകുട്ടിയെ തട്ടികൊണ്ട് പോകുന്നതും ഭീഷണിപ്പെടുത്തി ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേർന്ന് പീഡിപ്പിക്കുന്നതും. പെൺകുട്ടി നൽകിയ മൊഴിയനുസരിച്ച്, ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം തന്റെ രണ്ട് സുഹൃത്തുക്കളെ ക്ഷണിച്ച് വരുത്തി. ഇവരും പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. ഇതിനും ശേഷവും ഏതാനും പേർ അവിടേക്ക് എത്തിയതായും പെൺകുട്ടി പറയുന്നു. ഈ സംഭവം ആരോടും പറയരുതെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായി ഒരു നാടൻ തോക്കും ഇയാൾ ഉപയോഗിച്ചു.
ഇവർ ഉപേക്ഷിച്ച ശേഷം, അവശയായ പെൺകുട്ടി വീട്ടിലേക്ക് എത്തുന്നതിനായി അതുവഴി കാറിൽ പോയ രണ്ട് യുവാക്കളോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ പെൺകുട്ടിയെ സഹായിക്കുന്നതിന് പകരം ഇവരും കുട്ടിയെ വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡനം നടത്തിയ ശേഷം ഇവർ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു. ജൂലൈ 31നാണ് പിന്നീട് പെൺകുട്ടിയെ കണ്ടെത്തുന്നത്. സംഭവ ശേഷം മാനസികമായി തകർന്നുപോയ പെൺകുട്ടി ഇക്കാര്യം ആദ്യം പുറത്ത് പറയാൻ തയാറായില്ല. എന്നാൽ പെൺകുട്ടിയുടെ അമ്മ നിരന്തരം ചോദിച്ചപ്പോൾ പെൺകുട്ടി മനസ് തുറക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചത്.