-fawas

‘ഞാൻ ജാക്സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ..’ അമ്പിളി സിനിമയുടെ ടീസർ ഏറ്റെടുത്തിരിക്കുകയാണ് ഏവരും. ചിത്രത്തിലെ പാട്ട് മാത്രമല്ല പാട്ടിന്റെ ചുവടുകളാണ് ഏറെ ശ്രദ്ധേയം. പ്രേക്ഷകരൊന്നടങ്കം ഈ ഡാൻസ് സ്റ്റെപ്പുകളും ഏറ്റെടുത്തു. "അമ്പിളി"യുടെ ഡാൻസിനു പിന്നിൽ ഫവാസ് അമീർ എന്ന കൊറിയോഗ്രാഫറാണ്. സൗബിൻ ഷാഹിറിനെ ഒറ്റ ടേക്കിൽ ഒരൊറ്റ ഷോട്ടിൽ എങ്ങനെ ഡാൻസ് പഠിപ്പിച്ചു എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമാണ് ഫവാസ് അമീർ പറ‌ഞ്ഞത്. വളരെ ഈസിയായിരുന്നു സൗബിനെ പഠിപ്പിക്കാനെന്നായിരുന്നു ഫവാസിന്റെ മറുപടി.

"വലിയ റിസ്ക്കൊന്നുമില്ലാതെ ഈസിയായി പഠിപ്പിച്ചു. സൗബിന്റെതായ നിർദ്ദേശങ്ങളും കോൺട്രിബ്യൂഷൻസും ഉണ്ടായിരുന്നെന്നും ഫവാസ് കേരള കൗമുദി ഓൺലെെനിനോട് പറ‌ഞ്ഞു. നാല് റിഹേഴ്സൽ ഒരൊറ്റ ടേക്ക്, അത്രമാത്രം.സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ദിവസം അമ്പിളി സിനിമയിലെ ഡാൻസിനെ കുറിച്ചുതന്നെ സംസാരിച്ചു. ഡാൻസ് എങ്ങനെ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ച് ചർച്ചചെയ്തു. സൗബിൻ ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ നിന്നായിരുന്നു റിഹേഴ്സൽ"-ഫവാസ് പറഞ്ഞു.

എന്നാൽ, എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒന്നായിരിക്കണം എന്ന് മാത്രമായിരുന്നു ഫവാസിനു മുന്നിലുള്ള നിർദ്ദേശം. എല്ലാവരും ഈ ഡാൻസ് കാണുമ്പോൾ ചെയ്യാൻ തോന്നണം, ഡാൻസ് ഏത് പ്രായക്കാരും ഏറ്റെടുക്കുന്ന ഒന്നായിരിക്കണമെന്നും ഉണ്ടായിരുന്നു. അങ്ങനെ ഒരൊറ്റ ടേക്കിൽ ഡാൻസ് റെഡി".

നടി റിമാ കല്ലിങ്കിലിന്റെ കൊച്ചിയിലെ മാമാങ്കം ഡാൻസ് കമ്പനിയിലൂടെയാണ് ഫവാസ് "അമ്പിളി"യിലേക്ക് എത്തിയത്. മാമാങ്കത്തിലെ ഡാൻസ് ടീച്ചറാണ് ഫവാസ്. ഇതിനുമുമ്പും ഫവാസ് കൊറിയോഗ്രാഫറായി സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. നടൻ, അനന്തഭദ്രം, ഇടവപ്പാതി, ആഭാസം,എന്നീ സിനിമയുടേയും ഭാഗമായിരുന്നു.

പ്രണയത്തിന് മറ്റൊരു ഭാഷ്യംകൂടിയുണ്ടെന്ന് കാണിക്കുന്ന "തിരയായ്" എന്ന മ്യൂസിക് വീഡിയോയും ഫവാസ് ചെയ്തിട്ടുണ്ട്. ഷജീർ ബഷീറാണു ഈ വിഡിയോ സംവിധാനം ചെയ്തത്. കേതകി നാരായണും ഫവാസ് അമീറമാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. കൊറിയോഗ്രാഫിയും അമീറിന്റേത് തന്നെ. ഈ മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചെറുപ്പത്തിലെ ഡാൻസിനോട് കമ്പമായിരുന്നു. 2002ലാണ് ഫവാസ് പ്രൊഫഷണലായി ഡാൻസ് ചെയ്ത് തുടങ്ങിയത്. ബ്രേക് ഡാൻസിലൂടെയായിരുന്നു അമീറിന്റെ തുടക്കം. പിന്നീട് ബ്രേക്ക് ഡാൻസ് പോപ്പുലറായ ഒരു സമയത്ത് അതിനോടും ഇഷ്ടം തോന്നി. ശേഷം സിനിമാറ്റിക് ഡാൻസും ചെയ്തു. കണ്ടമ്പറെറി ഡാൻസിലേക്ക് തിരിയുന്നത് ഇവയ്ക്കൊക്കെ ശേഷമാണ്. 2003ലാണ് കണ്ടമ്പറെറി ഡാൻസിലേക്ക് ചുവടുവയ്ക്കുന്നത്. അനന്തഭദ്രം എന്ന ചിത്രത്തിൽ ബാക്റൗണ്ട് ഡാൻസ് ചെയ്തു. പിന്നെ കണ്ടമ്പറെറി ഡാൻസിൽ കൂടുതൽ ആകൃഷ്ടനായി.

തിരുവനന്തപുരം സ്വദേശിയായ ഫവാസ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകേന്ദ്രമായ ആട്ടക്കളരിയിലായിരുന്നു നൃത്തപഠനം. ക്ലാസിക്കൽ ഡാൻസിനൊപ്പം കളരിയുമായി പഠന വിഷയം. നന്നെ ലേറ്റായി ഡാൻസ് പഠിക്കാൻപോയ ആളാണ് താനെന്നും അമീർ പറയുന്നു. ആട്ടക്കളരിയിൽ നിന്നും നൃത്തത്തിലെ ടെക്നിക്കൽ കാര്യങ്ങളും പഠിച്ചെടുത്തു. തുടർന്ന് ജർമിനിയിൽ നിന്ന് എക്‌സ്‌പിരിമെന്റൽ ഇൻ ഫിസിക്കൽ പെർഫോർമൻസും പഠിച്ചു.

-fawas

ഇന്റർനാഷണൽ ഡാൻസ് കൗൺസിലർ അംഗമായ ഫവാസ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചിരുന്ന കാലത്താണ് നൃത്തത്തിൽ സജീവമായത്. സുഹൃത്തുക്കൾക്കൊപ്പം മത്സരങ്ങളിൽ പങ്കെടുത്തു. ഇപ്പോൾ മാമാങ്കം ഡാൻസ് ടീമിൽ സജീവമാണ്. പ്രധാനമായും ഇവിടെ ഫവാസ് പഠിപ്പിക്കുന്നത് ഡാൻസിലെ മൂവ്മെന്റുകളാണ്.

എത്ര പ്രാക്ടീസ് ചെയ്താലും സ്റ്റേജിൽ കയറുമ്പോൾ ഇപ്പോഴും ഒരു ചെറു ടെൻഷനുണ്ട് ഫവാസിന്. ആദ്യം മുതൽ അങ്ങനെയായിരുന്നു ഇപ്പോഴും അതുപോലെത്തന്നെയാണെന്നും പറയുന്നു. ഫോക് ഡാൻസിലും കമ്പമുള്ളതിനാൽ ഫോക് മിക്സഡ് ഡാൻസും ചെയ്തുവരുന്നു. തമിഴ് ഫോക്കും ഏറെ ഇഷ്ടമുള്ളവയാണ്.

-fawas

കലർപ്പില്ലാതെ നല്ല രീതിയിൽ അസോസിയേറ്റ് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഫോക്ക്. ഇതിന് വ്യക്തമായ അടിത്തറയുണ്ടെന്നും ഫവാസ് പറഞ്ഞു. ഡാൻസ് ഒരു ഹോബി മാത്രമല്ല. നല്ല വരുമാനമുള്ള മേഖലയാണെന്നുമാണ് ഫവാസിന്റെ ഭാഗം. ഒരു റിയാലിറ്റി ഷോയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഡാൻസെന്നും അദ്ദേഹം പറയുന്നു. വെല്ലുവിളികളും കഠിനാദ്ധ്വാനം കൊണ്ടും നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഒരു മേഖലയാണിതെന്നും വെല്ലുവിളികൾ മറികടന്നാൽ ഇന്നും ഏറെ സാദ്ധ്യതകളുള്ള കലയാണ് നൃത്തമെന്നുമാണ് ഫവാസിന്റെ അഭിപ്രായം. ഇനി പുതിയ പ്രൊജക്ടുകളുടെ തിരക്കിലേക്ക് കടക്കുകയാണ് ഫവാസ്.