തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനിച്ചത്. സംസ്ഥാനത്താകെ 1385പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ 29 ക്യാമ്പുകൾ തുറന്നു.
അതേസമയം, മൂന്നാറിലും നിലമ്പൂരിലും എൻ.ഡി.ആർ.എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചു. എന്നാൽ, അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കെല്ലാം നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലർട്ടും നിലവിലുണ്ട്.
കനത്ത മഴയെ തുടർന്ന് നിലമ്പൂരിൽ വെള്ളപ്പൊക്കമുണ്ടായി. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂരിൽ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലാണ്. രണ്ടാൾപ്പൊക്കത്തിലാണ് ടൗണിൽ വെള്ളം പൊങ്ങിയിരിക്കുന്നത്.