kashmir-issue

ന്യൂഡൽഹി: ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് കാശ്മീരിനുണ്ടായിരുന്ന പദവികൾ എടുത്ത് മാറ്റിയതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനം നിലനിറുത്തിപ്പോന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതാവുന്നത്. ജമ്മു-കാശ്മീർ എന്ന സംസ്ഥാനം ജമ്മു-കാശ്മീർ, ലഡാക്ക് എന്നെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറി. ജമ്മു-കാശ്മീരിന് ഇന്ത്യയിലെ ഡൽഹി, പുതുച്ചേരി ഉൾപ്പെടെയുള്ള മറ്റേതൊരു കേന്ദ്രഭരണപ്രദേശവും പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഗഡ്‌ പോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും.

എന്നാൽ,​ ഇവയ്ക്കൊക്കെ പുറമെ കാശ്മീരിൽ ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. കൂടാതെ ഔദ്യോഗിക വസതികളിൽ താമസമാക്കിയ മുൻ മുഖ്യമന്ത്രിമാരുടെ ഭാവി എന്ത്?​ മുൻ മുഖ്യമന്ത്രിമാരുടെ സുഖവാസ കാര്യത്തിൽ സുപ്രീം കോടതിക്ക് പോലും ഇടപെടാനായില്ല. മുതിർന്ന നേതാക്കളായ മെഹബൂബ മുഫ്തി,​ ഫാറൂഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള തുടങ്ങി എന്നിവരെല്ലാം ശ്രീനഗറിലെ ഗുപ്കാർ വീഥിയിലെ ഈ‌‌ ബംഗ്ലാവുകളിൽ താമസിക്കുകയാണ്.

kashmir

സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണത്താലാണ് എല്ലാവരും ഊഴം കഴിഞ്ഞിട്ടും ഔദ്യോഗിക വസതികളിൽ തുടരുന്നത്. ഭരണഘടനാ പദവി വഹിക്കാത്തവർ ഔദ്യോഗിക വസതികൾ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയും ജമ്മു കശ്മീരിന് ബാധകമായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവുകളിൽ തുടരുകയാണ് എല്ലാവരും ചെയ്യുന്നത്. ആജീവനാന്തം മുൻമുഖ്യമന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

അതിനു ശേഷം ജമ്മു കാശ്മീരിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിമാർ ഔദ്യോഗിക വസതികൾ ഉപയോഗിക്കുന്നത്. അതും വാടക പോലും നൽകാതെയാണ്. വസതി കൂടാതെ ബുള്ളറ്റ് പ്രൂഫ് വാഹനം, സർക്കാർ ശമ്പളത്തോടു കൂടിയ ഓഫിസ് സ്റ്റാഫുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഇവർ കൈപ്പറ്റുന്നുണ്ട്. ബംഗ്ലാവുകൾ മോടി പിടിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും ഓരോരുത്തരും ചിലവാക്കുന്നത്.

kashmir

കണക്കുകൾ അനുസരിച്ച് ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അധികാരത്തിലിരിക്കെ ഏകദേശം 50 കോടി രൂപയ്ക്കടുത്താണ് ഔദ്യോഗിക വസതികൾ നവീകരിക്കുന്നതിനായി ചിലവാക്കിയത്. ഗുപ്കാർ റോഡിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് രണ്ടു വസതികളാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ബംഗ്ലാവുകളിൽ ഒന്നാം നമ്പർ ബംഗ്ലാവിൽ ഒമർ അബ്ദുള്ളയാണ് താമസിക്കുന്നത്. വൻതുക മുടക്കി നവീകരിച്ച് ബംഗ്ലാവിൽ ജിംനേഷ്യം ഉൾപ്പെടെ ആത്യാധുനിക സൗകര്യങ്ങളാണുള്ളത്. ഒമർ മുഖ്യമന്ത്രിയായിരിക്കെ 2009 മുതൽ 2014 വരെ 20 കോടി രുപയാണ് വീട് പുതുക്കിപണിയുന്നതിനായി മുടക്കിയതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഫാറൂഖ് അബ്ദുള്ള സ്വകാര്യ വസതിയിലാണ് താമസിക്കുന്നതെങ്കിലും ഔദ്യോഗിക വസതി വാടകയ്ക്കു നൽകി ആ തുക കൈപ്പറ്റുന്നുണ്ട്.

അതേസമയം,​ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള സംസ്ഥാനത്തെയും അതിർത്തിയിലെയും സാഹചര്യം കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. പാകിസ്ഥാന്റെ ഭീഷണി കണക്കിലെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. എന്നാൽ ഐക്യരാഷ്ട്രസഭയിൽ ചൈനീസ് നിലപാട് എന്താകും എന്ന സംശയം ഇന്ത്യയ്ക്കുണ്ട്. ഒറ്റയടിക്ക് നയതന്ത്ര ബന്ധം വെട്ടിക്കുറയ്ക്കാനും വ്യാപാരം നിറുത്തിവയ്ക്കാനും പാകിസ്ഥാൻ തീരുമാനം. സേനയ്ക്ക് അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നല്കുന്നു. ഒപ്പം ഐക്യരാഷ്ട്രമനുഷ്യവകാശ കൗൺസിലിനെ സമീപിക്കുന്നു. ഈ സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്.