vidya-balan

ലോഹിതദാസ് സംവിധാനം ചെയ്ത, പൃഥ്വിരാജ്, മീരാജാസ്മിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചക്രം' എന്ന ചിത്രത്തിൽ നായികയാകാനിരുന്നത് വിദ്യാ ബാലനാണ്. 'ചക്ര"ത്തിലൂടെ മോഹൻലാലിന്റെ നായികയായി ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനിരുന്നത്. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം അധികം താമസിയാതെ നിർത്തിവയ്ക്കുകയായിരുന്നു. ദിലീപായിരുന്നു ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അഭിനയിക്കാനിരുന്നത്. ഒടുവിൽ, ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന ലോഹിതദാസ് തന്നെ അന്ന് സിനിമയിലേക്ക് പിച്ച വച്ച് തുടങ്ങിയ യുവതാരങ്ങളായ പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും നായികാ നായകന്മാരാക്കി ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.

എന്നാൽ ആദ്യ ചിത്രം തന്നെ മുടങ്ങിപ്പോയ വിദ്യക്ക് പിന്നീടങ്ങോട്ട് കഷ്ടതയുടെ കാലമായിരുന്നു. 'ചക്രം' കഴിഞ്ഞിട്ടും കഷ്ടകാലം വിദ്യയെ വിട്ട് പോയില്ല. വിദ്യ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 12 ചിത്രങ്ങളാണ് പുറത്തിറങ്ങാതെ പെട്ടിയിൽ തന്നെ ഇരുന്നത്. ഇതോടെ ഭാഗ്യമില്ലാത്ത നടി എന്ന പേരാണ് വിദ്യയെ തേടിയെത്തിയത്. വിദ്യയെ നായികയാക്കിയാൽ ചിത്രം പുറത്തിറങ്ങില്ലെന്നുവരെ പലരും പറഞ്ഞുപരത്തി. എന്നാൽ അധികം താമസിയാതെ തന്നെ കുപ്രചരണങ്ങളെയെല്ലാം കാറ്റിൽ പറത്തി വിദ്യ മുന്നോട്ട് കുതിക്കുകയായിരുന്നു. ഒടുവിൽ 'ഡേർട്ടി പിക്‌ച്ചർ' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് വരെ വിദ്യയെ തേടിയെത്തി. നാൽപ്പതിലേറെ ബോളിവുഡ് ചിത്രങ്ങളിലാണ് വിദ്യ വേഷമിട്ടത്. എന്നാൽ ഇപ്പോൾ വർഷത്തിൽ ഒരു ചിത്രം മാത്രമേ വിദ്യ ചെയ്യാറുളളൂ. അതിന്റെ ആവശ്യമേ ഉള്ളൂ ഈ നടിക്ക് ഇപ്പോൾ.

വീണ്ടും തെന്നിന്ത്യയിലേക്ക് തിരിച്ച് വരികയാണ് വിദ്യാ ബാലൻ. അജിത് നായകനാകുന്ന തമിഴ് ചിത്രം 'നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ തെന്നിന്ത്യയിലേക്കുള്ള മടക്കം. അമിതാഭ് ബച്ചനും, തപ്‌സി പന്നുവും പ്രധാനകഥാപത്രങ്ങളെ അവതരിപ്പിച്ച ഹിന്ദി ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് 'നേർക്കൊണ്ട പാർവൈ'. ജന്മം കൊണ്ട് മുംബയ്‌ക്കാരിയാണെങ്കിലും കേരളത്തിലും തമിഴിലുമാണ് വിദ്യയുടെ വേരുകൾ നിൽക്കുന്നത്‌. തമിഴിൽ സിനിമകൾ ചെയ്യണമെന്ന് തന്നെയായിരുന്നു വിദ്യയുടെ ആഗ്രഹം. എന്നാൽ തന്റെ പാലക്കാടൻ തമിഴിനോട്‌ തമിഴ് പ്രേക്ഷകർ എങ്ങനെ പ്രതികരിക്കും എന്നതിനെ കുറിച്ച് വിദ്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. ആ പേടിയെ അതിജീവിച്ചാണ് വിദ്യ 'നേർകൊണ്ട പാർവൈ'യിൽ അജിത്തിനോടൊപ്പം എത്തുന്നത്.

മുൻപ് എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോൾ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്.'ചക്ര'ത്തിൽ അഭിനയിക്കാൻ കഴിയാതെപോയ വിദ്യക്ക് 'ആമി'യിലൂടെ വീണ്ടും അവസരം നൽകുകയായിരുന്നു സംവിധായകൻ കമൽ. എന്നാൽ ഈ ചിത്രത്തിൽ നിന്നും വിദ്യക്ക് പിന്മാറേണ്ടി വന്നു. ഒടുവിൽ മഞ്ജു വാര്യരാണ് ചിത്രത്തിൽ കമല ദാസിനെ അവതരിപ്പിച്ചത്. കമലിന്റെ ചിത്രത്തിൽ അഭിനയിച്ചിരുന്നുവെങ്കിൽ 'ആമി' ആയേനെ വിദ്യ ബാലന്റെ ആദ്യ മലയാള ചിത്രവും, തെന്നിന്ത്യൻ ചിത്രവും. മുൻപ് പ്രിത്വിരാജ് നായകനായ 'ഉറുമി' എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ വിദ്യ എത്തിയിരുന്നു.