kaumudy-news-headlines

1. സംസ്ഥാനത്ത് കാലവര്‍ഷം ശക്തം. വടക്കന്‍ ജില്ലകളില്‍ തോരാമഴ. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചുണ്ടകുളം ഊരിലെ കാരയും വയനാട്ടില്‍ പനമരത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട് ഒഴിയുന്നതിനിടെ കാക്കത്തോട് കോളിനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവും മരിച്ചു. കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളില്‍ ഉരുള്‍ പൊട്ടല്‍. വളപട്ടണണ്‍ പുഴ കരകവിഞ്ഞു. മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി. നിലമ്പൂര്‍ ടൗണിലെ ജനതാപ്പടിയില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറി


2. കനത്ത മഴയെ തുടര്‍ന്ന് നദികളിലെ ജലനിരപ്പ് ഉയരുകയാണ്. നിലമ്പൂരില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകളുടെയും കടകളുടെയും ഒന്നാം നില മുങ്ങി. ടൗണില്‍ ഗതാഗതം നിലച്ചു. പലയിടങ്ങളിലായി കുടുങ്ങിയവരെ രക്ഷപ്പെടുത്തി. മൂന്നാറിലും കനത്തമഴ തുടരുകയാണ്. ഇവിടെ രേഖപ്പെടുത്തിയത്, 194.8 മില്ലീമീറ്റര്‍ മഴ. വീടുകളും വെള്ളം കയറിയ നിലയില്‍ ആണ്. മൂന്നാര്‍ പെരിയവര താത്കാലിക പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ടു. പാംപ്ല, കല്ലാര്‍കുട്ടി ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി.
3. താമരശ്ശേരി ചുരത്തിലും മാവൂരിലും മരം വീണ് ഗതാഗത തടസമുണ്ടായി. മലപ്പുറത്തും കണ്ണൂരും ആളുകളെ മാറ്റി പാര്‍പ്പിക്കുക ആണ്. ഇടുക്കി മൂലമറ്റത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍വ്യാപകമായി കടപുഴകി വീണു. ചുരുളിയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം ഗാന്ധിനഗര്‍ റോഡില്‍ ഓട്ടോക്ക് മുകളില്‍ മരം ഒടിഞ്ഞ് വീണു. ആര്‍ക്കും പരിക്കില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
4. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യം അല്ലെങ്കില്‍ ഒഴിവാക്കണം എന്നും നിര്‍ദ്ദേശമുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്
5. സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റുകളെ വിളിക്കാന്‍ യോഗത്തില്‍ തീരുമാനം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും യോഗത്തില്‍ വിലയിരുത്തല്‍. റവന്യൂ മന്ത്രി ഇ.ചന്ദശേഖരനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ആകെ 1400 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്ന ഇത് വരെ 29 ക്യാമ്പുകളും തുറന്നു. അതേസമയം, കനത്ത മഴയില്‍ തീവണ്ടി ഗതാഗതവും താളം തെറ്റി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തു. കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്.
6. ആലപ്പുഴക്കും എറണാകുളത്തിനും ഇടയില്‍ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. 5 മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. മലബാര്‍, മംഗലാപുരം എക്സ്പ്രസ്സുകള്‍ വൈകിയോടി. തിരുവനന്തപുരം ചിറയന്‍കീഴില്‍ മാവേലി എക്സ്പ്രസിന് മുകളില്‍ മരം വീണ് ലോക്കോ ഗ്ലാസ് തകര്‍ന്നു. തിരുവനന്തപുരം ,കൊല്ലം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്സ്പ്രസ്സുകള്‍ 3 മണിക്കൂര്‍ വൈകിയോടി. മുംബയ്- കന്യാകുമാരി ജയന്തി ജനതാ, പൂനേ എറണാകുളം ,മുംബയ് -നാഗര്‍കോവില്‍, ലോകമാന്യതിലക് തിരുവനന്തപുരം എക്സ്പ്രസുകള്‍ റദ്ദാക്കി. നാളെ പുറപ്പെടേണ്ട എറണാകുളം പൂനേ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്