narendra-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആൾ ഇന്ത്യ റേഡിയോ വഴിയാണ് മോദി ജനങ്ങളുമായി സംസാരിക്കുക.കാശ്മീരിന്റെ പ്രത്യേക പദവി(ആർട്ടിക്കിൾ 370) എടുത്ത് കളഞ്ഞതിനെ കുറിച്ചും, കാശ്മീരിനെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുമെന്നും കരുതപ്പെടുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിലൂടെ ആൾ ഇന്ത്യ റേഡിയോയും(എ.ഐ.ആർ) ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ അൽപ്പസമയത്തിനുള്ളിൽ ഈ ട്വീറ്റ് ഇവർ ഡിലീറ്റ് ചെയ്തിരുന്നു. പ്രസ് ഇൻഫോർമേഷൻ ബ്യുറോ ഇക്കാര്യം റീട്വീറ്റ് ചെയ്തിരുന്നു. കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിർണായ പ്രഖ്യാപനം ഉണ്ടാകുമെന്ന് രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നുണ്ട് .

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് മാർച്ച് 27നാണ് മോദി അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. അന്ന് ഉപഗ്രവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച അവസരമായിരുന്നു. രാജ്യം കൈവരിച്ച നേട്ടത്തെ പ്രകീർത്തിക്കൊണ്ടായിരുന്നു മോദി അന്ന് സംസാരിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം നിലനിന്നതിനാൽ മോദിയുടെ ഈ പ്രസംഗം വിവാദമായിരുന്നു. സ്വാതന്ത്യ ദിനത്തിന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായാണ് ഇപ്പോഴത്തെ സംബോധന.