ന്യൂഡൽഹി: കഴിഞ്ഞ വർഷം കാണാതായതും ഭീകരസംഘടനയായ ഐസിസിൽ ചേർന്നയാളുമായ മലയാളി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. അഫ്‌ഗാനിസ്ഥാനിൽ വച്ച് അഫ്ഗാൻ-അമേരിക്കൻ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മലപ്പുറം സ്വദേശിയായ സൈഫുദിൻ കൊല്ലപ്പെട്ടത്. കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ വിവരം അറിയിച്ചത്. ഇതുവരെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന, കേരളത്തിൽ നിന്നുമുള്ള 98 പേർ ഐസിസിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം.
ജൂണോടെ, ഇക്കൂട്ടത്തിലെ 38 പേർ കൊല്ലപ്പെട്ടുവെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു. കേരളത്തിൽ നിന്നും ഐസിസിലേക്ക് പുറപെട്ടുപോയ മലയാളികൾ ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് മലപ്പുറം ജില്ല. കണ്ണൂരും കാസർകോടുമാണ് മറ്റ് രണ്ട് ജില്ലകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഐസിസിൽ ചേർന്ന ഒരു മലയാളി കൊല്ലപ്പെടുന്നത്.
ഇതിന് മുൻപ് മലപ്പുറം എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായുള്ള വിവരം ലഭിച്ചത്. വീട്ടുകാർക്ക് വന്ന സന്ദേശത്തിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുഹ്സിൻ കൊല്ലപ്പെട്ടുവെന്ന് മലപ്പുറത്തുള്ള കുടുംബാംഗങ്ങൾക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിക്കുകയായിരുന്നു.
നിങ്ങളുടെ സഹോദരൻ വീരമൃത്യു വരിച്ചെന്നാണ് സന്ദേശത്തിൽ പറയുന്നത്. അഫ്ഗാനിസ്ഥാന്‍ നമ്പറിൽ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം വന്നത്. കൊല്ലപ്പെട്ട കാര്യം വിവരം പൊലീസിൽ അറിയിക്കരുതെന്നും അറിയിച്ചാൽ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.