shreeram-venkittaraman

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമന് മറവിരോഗമെന്ന് ഡോക്ടർമാർ. ശ്രീറാമിന് 'റെട്രോഗേഡ് അംനീഷ്യ' എന്ന മറവിരോഗമാണെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നിഗമനം. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂർണമായും ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയെയാണ് 'റെട്രോഗേഡ് അംനീഷ്യ' എന്ന് ഡോക്ടർമാർ വിളിക്കുന്നത്.

ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്നും ഡോക്ടർമാർ പറയുന്നു. ചിലപ്പോൾ സംഭവം എന്നെന്നേക്കുമായി ശ്രീറാം മറന്നു പോകാൻ ഇടയുണ്ടെന്നും അല്ലെങ്കിൽ, ആഘാതത്തിൽ നിന്നും മുക്തനാകുമ്പോൾ ഈ ഓർമകൾ ശ്രീറാമിന് തിരികെ ലഭിക്കുമെന്നും ഡോക്ടർമാർ പറയുന്നു. ഒരു പ്രമുഖ മലയാളം വാർത്താ ചാനലിന്റെ ഓൺലൈൻ വിഭാഗമാണ് ഈ വാർത്ത പുറത്ത്‌ വിട്ടത്.

ശ്രീറാമിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്രീറാമിന് തലകറക്കവും തലവേദനയും അനുഭവപ്പെട്ടിരുന്നു എന്നും ഡോക്ടർമാർ പറയുന്നുണ്ട്. ഇയാളുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട് എന്നും വിവരമുണ്ട്. റീമാൻഡിലായിരിക്കെ സർജിക്കൽ ഐ.സി.യുവില പ്രവേശിപ്പിച്ചിരുന്ന ശ്രീറാമിനെ പിന്നീട് ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ട്രോമ ഐ.സി.യുവിൽ നിന്ന് ഇപ്പോൾ ന്യൂറോ സർജറി നിരീക്ഷണ വാർഡിലേക്ക് ശ്രീറാമിനെ മാറ്റിയിട്ടുണ്ട്.

അതേസമയം ശ്രീറാമിൽ കാണുന്ന 'റെട്രോഗേഡ് അംനീഷ്യ' അമിതമായി മദ്യപിക്കുന്നവരിൽ കാണപ്പെടുന്ന രോഗമാണെന്ന് ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി ചൂടിക്കാട്ടി. ശ്രീറാമിന്റെ ഈ രോഗം കേസിനെ ബാധിക്കില്ലെന്നും വടക്കുംചേരി പറഞ്ഞു.